അടിക്കാടുകളും മരത്തടികളും കത്തിനശിച്ചു
1513073
Tuesday, February 11, 2025 5:40 AM IST
കുളത്തൂപ്പുഴ: വനത്തിനുള്ളില്‍ അശ്രദ്ധമായി തീ ഉപയോഗിച്ചതിനെ തുടര്‍ന്ന് പടര്‍ന്ന കാട്ടുതീയില്‍ അടിക്കാടുകളും തടികളും കത്തി നശിച്ചു. സംഭവത്തിന് കാരണക്കാരായ യുവാക്കൾക്കെതിര വനം വകുപ്പ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചോഴിയക്കോട് മിൽപ്പാലം ഭാഗത്ത് ആറ്റിനോട് ചേർന്നുള്ള ഇടവനത്തിൽ തീ പടർന്നത്. സംഭവ ദിവസം രാവിലെ പുറത്തു നിന്നെത്തിയ ഏതാനും ചെറുപ്പക്കാർ പുഴയിൽ കുളിക്കുകയും പുഴക്കരയിലിരുന്ന് ഭക്ഷണം പാചകം ചെയ്തു കഴിക്കുകയും ചെയ്തിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം ശരിയായ രീതിയിൽ തീ കെടുത്താതെ ഇവര്‍ മടങ്ങിയതിനു പിന്നാലെ സമീപത്തെ അടിക്കാടുകള്‍ക്ക് തീ പിടിച്ചു.
പുഴയോരത്ത് വീണു കിടന്ന വന്മരമടക്കം കത്തുകയും ചെയ്തു. ഏറെ നേരത്തിനു ശേഷം വനത്തില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുളത്തുപ്പുഴ വനം റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രന്റെ നേതൃത്വത്തില്‍ വനപാലകരും, വനം വാച്ചർമാരും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഏതാനും നാള് മുൻപും സമാന സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് വനത്തില്‍ അശ്രദ്ധമായി തീ ഉപയോഗിച്ചു കാട്ടുതീ പടരുന്നതിനിടയാക്കിയ യുവാക്കള്‍ക്കെതിരെ കേസെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.