ഉത്സവങ്ങളില്‍ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം
1513081
Tuesday, February 11, 2025 5:47 AM IST
കൊല്ലം: ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി ഉപയോഗത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. താല്‍ക്കാലിക ജനറേറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് മുഖേന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങണം.
വൈദ്യുതി പോസ്റ്റുകളില്‍ വൈദ്യുതാലങ്കാരങ്ങളും വയറുകളും സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതിയോടെയാവണം. വൈദ്യുതി ജോലികള്‍ ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് മുഖേന മാത്രമേ ചെയ്യാവൂ. അധിക വൈദ്യുതി, ലോഡ് ആവശ്യമുണ്ടെങ്കില്‍ സെക്ഷന്‍ ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
വൈദ്യുതി ദീപാലങ്കാരങ്ങളോ കമാനങ്ങളോ സ്ഥാപിക്കുന്നതിന് മുമ്പ് സ്ഥല ഉടമകളില്‍ നിന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് അനുമതി വാങ്ങണം. വൈദ്യുതാലങ്കാരങ്ങള്‍/ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വയറുകളില്‍ മൊട്ടുസൂചി കുത്തി കണക്ട് ചെയ്യരുത്.
ഇതിനായി സ്റ്റാന്‍ഡേര്‍ഡ് കണക്ടറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഫ്ളോട്ട്, കമാനങ്ങള്‍ എന്നിവ സ്ഥാപിക്കരുതെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.