സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണം: ശില്പശാല നടത്തി
1513304
Wednesday, February 12, 2025 5:33 AM IST
കൊല്ലം: സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണ ഭാഗമായി രാജ്യവ്യാപകമായി ആരംഭിക്കുന്ന കാമ്പയിനോടനുബന്ധിച്ച് ഇന്റര്‍നെറ്റിന്റെ സുരക്ഷിതവും ഉത്തരവാദിത്തത്തോടെയുമുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു.
ഇന്റര്‍നെറ്റിന്റെ ഉപയോഗം വിവിധ മേഖലകളില്‍ മാറ്റം കൊണ്ടുവന്ന മാറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാസമ്പന്നരായ ആളുകള്‍ പോലും വിവിധ തട്ടിപ്പുകള്‍ക്ക് ഇരയാകുമ്പോള്‍ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ എല്ലാവര്ക്കും അവബോധം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ അറസ്റ്റ്, സ്പൂഫിംഗ്, പാസ് വേർഡ് ഹാക്കിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തി.
ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ബിജു, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീ. ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി.എസ്. സുമല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.