നിയമം ലംഘിച്ച് മത്സ്യബന്ധനം; ബോട്ട് പിടികൂടി
1513309
Wednesday, February 12, 2025 5:41 AM IST
കൊല്ലം: കടലില്‍ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്ഫോഴ്സ്മെന്റ്സംഘം പിടികൂടി. നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ചന്ദ്രലേഖയുടെ നിര്‍ദേശ പ്രകാരം ഫിഷറീസ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് എസ്. അരുണിന്റെ നേതൃത്വത്തില്‍ കടവുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി.
കല്ലുംകടവില്‍ പൊടിമോന് എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. നിയമപരമായ വലിപ്പമില്ലാത്ത കിളിമീനാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, എസ്.ആര്. രമേഷ് ശശിധരന് നടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ ഇനത്തില്‍ രണ്ട് ലക്ഷം രൂപയും, മത്സ്യലേലം ചെയ്ത വകയില്‍ 123500 രൂപയും ഈടാക്കുകയും ചെയ്തു.
മറൈന്‍ പോലീസ് ഉദ്യോഗസ്ഥരായ ഹരിലാല്‍, ജോണ്‍, പ്രവീഷ്, ലൈഫ് ഗാര്‍ഡ്മാരായ ആല്‍ബര്‍ട്ട്, തോമസ് എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്. കര്‍ശനമായ പരിശോധന തുടര്‍ന്നും നടത്തുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.