ട്രെയിനിൽ നിന്ന് ഇറങ്ങുന്പോൾ വീണ് ജർമൻ സ്വദേശിക്ക് പരിക്ക്
1513303
Wednesday, February 12, 2025 5:33 AM IST
കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് ജർമൻ സ്വദേശിക്ക് പരിക്കേറ്റു. ജർമനിയിലെ വീസ്ബാഡൻ സ്വദേശിയായ ഹെറാൾഡിന് (71) ആണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലാണ് സംഭവം. കൊല്ലത്ത് നിന്ന് വർക്കലയിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത ഹെറാൾഡ് തെറ്റിദ്ധരിച്ച് എറണാകുളം ഭാഗത്തേക്ക് പോകാനായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന നേത്രാവതി എക്സ്പ്രസിൽ കയറുകയായിരുന്നു.
ട്രെയിൻ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ അബദ്ധം പറ്റിയത് മനസിലാക്കി പരിഭ്രാന്തനായി പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു.
ഇതിനിടെയുണ്ടായ വീഴ്ചയിൽ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റ ഹെറാൾഡിനെ ആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തി ഉടൻ ജില്ലാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.