കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍
1513297
Wednesday, February 12, 2025 5:33 AM IST
അഞ്ചല്‍: ഏരൂരില്‍ യുവാവിനെ മര്‍ദിച്ച ശേഷം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ റിന്‍സി ഭവനില്‍ റിജോ (28), തെങ്ങഴുകത്ത് വീട്ടില്‍ സനോ (26), കൊച്ചയത്തില്‍ ചരുവിള വീട്ടില്‍ അനില്‍ രാജന് (22) എന്നിവരാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണലില്‍ വെള്ളച്ചാല്‍ അഞ്ജു ഭവനില്‍ അച്ചു (24) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏരൂര്‍ തിരുവാര്‍പ്പ് ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുവരികയായിരുന്ന അച്ചുവിനെ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി താക്കോല്‍ കൊണ്ട് മുഖത്ത് ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ അച്ചുവിനെ ഒന്നാം പ്രതി റിജോയുടെ കാർ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. അച്ചുവിനെയും ഒപ്പമുണ്ടായിരുന്നവരെയും അധിക്ഷേപിച്ച് സ്ഥലത്തു ഭീകാരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ അച്ചുവിനെ ബന്ധുക്കള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അച്ചുവിന്റെ തലക്കും മുഖത്തും എല്ലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളിൽ മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ബിജോയ്, അനീഷ് എന്നിവരെ ഉടന്‍ പിടികൂടുമെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. അച്ചുവിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.