ജില്ലാ ത്രോബോൾ സബ് ജൂണിയർ ചാമ്പ്യൻഷിപ്പ് : സെന്റ് വിൻസന്റ് കോൺവന്റ് സ്കൂളും ടിയാഗോ സ്പോർട്സ് ക്ലബും ചാമ്പ്യന്മാർ
1495155
Tuesday, January 14, 2025 6:23 AM IST
കരുനാഗപ്പള്ളി: കൊല്ലം ജില്ലാ സബ്ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് വിൻസെന്റ് കോൺവന്റ് ഐസിഎസ്ഇ സ്കൂളും ടിയാഗോ സ്പോർട്സ് ക്ലബും ചാമ്പ്യന്മാർ. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മാനേജർ എൽ. ശ്രീലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. താജ് അധ്യക്ഷത വഹിച്ചു.
നിതിൻ,ഷീല, ആദർശ്. പി എന്നിവർ പ്രസംഗിച്ചു. ഡി. ദേവിക സ്വാഗതം പറഞ്ഞു.പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് വിൻസന്റ് കോൺവന്റ് ഐസിഎസ്ഇ സ്കൂൾ കേരളപുരം ഒന്നാമതും കോസ്മോസ് കരുനാഗപ്പള്ളി രണ്ടാം സ്ഥാനവും എഫ്എംഎൻ ക്ലബ് കൊല്ലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ടിയാഗോ സ്പോർട്സ് ക്ലബ് കരുനാഗപ്പള്ളി ഒന്നാം സ്ഥാനവും ബി.എച്ച്എസ്എസ് കരുനാഗപ്പള്ളി സ്കൂൾ ടീം രണ്ടാം സ്ഥാനവും ഡൈനാമിക് ക്ലബ് ഓച്ചിറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി മുഹമ്മദ് ഇർഫാനെയും ഭാവി വാഗ്ദാന കളിക്കാരനായി ആർ.വി. അശ്വിനേയും തെരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരിയായി ജെസിൻ മറിയയെയും തിരഞ്ഞെടുത്തു.
വിജയികളായ ടീമുകൾക്ക് കൊല്ലം ജില്ലാ ത്രോബോൾ അസോസിയേഷൻ സെക്രട്ടറി എസ്. സാബുജാൻ ട്രോഫികൾ കൈമാറി.