മക്കൾ പിതാവിനു സമാധിയൊരുക്കിയ സംഭവം : സമാധി മണ്ഡപം പൊളിക്കലും പോസ്റ്റുമോര്‍ട്ടവും ഇന്നു നിശ്ചയിക്കും
1495153
Tuesday, January 14, 2025 6:23 AM IST
നെയ്യാറ്റിന്‍കര: പിതാവിനു മക്കള്‍ സമാധിയൊരുക്കിയ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കാരണം ഇന്നലെ താത്കാലികമായി നിർത്തിവച്ചു. ഇതേ തുടർന്നു കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് സ്വാമിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്കി. സമാധിമണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള തീയതി ഇന്നു നിശ്ചയിക്കുമെന്നു സബ് കളക്ടര്‍ അറിയിച്ചു.
അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78)യുടെ സമാധിയെത്തുടര്ന്നുള്ള സംഭവങ്ങളാണ് ഇന്നലെ സംഘര്‍ഷാവസ്ഥയിലേക്കു നയിച്ചത്.
ഗോപന്‍സ്വാമിയെ കാണാനില്ല എന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഇവിടുത്തെ സമാധിയുള്പ്പെടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടർന്നു സംഭവത്തിലെ ദുരൂഹതയും പോലീസ് റിപ്പോര്‍ട്ടുമൊക്കെ പരിഗണിച്ച് സമാധി പൊളിച്ചു മൃതദേഹം പുറത്തെടുക്കാനും പോസ്റ്റുമോര്‍ട്ടം ചെയ്യാനും കളക്ടര്‍ ഉത്തരവിട്ടു.
തുടര്‍ന്ന് സബ് കളക്ടര്‍ ഒ.എ. ആല്ഫ്രഡിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധനും എത്തിയിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചു.
ഗോപന്‍സ്വാമിയുടെ കുടുംബാംഗങ്ങളെ അനുകൂലിക്കുന്നവരും ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെടുന്നവരും രണ്ടു സംഘങ്ങളായിനിന്നു തര്‍ക്കിക്കാനും ആരോപണങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ഇതിനിടയില്‍ ചിലര്‍ പോലീസുമായും ഉന്തും തള്ളും നടത്തി.
പ്രാണന് വെടിയേണ്ടി വന്നാലും സമാധിമണ്ഡപം പൊളിക്കാന്‍ അനുവദിക്കില്ലായെന്നും മാനസികമായും ശാരീരികമായും തങ്ങളെ ഉപദ്രവിച്ചവരുടെ പേരുകള്‍ എഴുതിവച്ചിട്ടാകും ജീവഹത്യയെന്നും ഗോപന് സ്വാമിയുടെ മകന് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധി മണ്ഡപത്തിനരികില്‍ കുത്തിയിരിക്കുകയും ചെയ്തു. പോലീസ് ബലംപ്രയോഗിച്ചാണു കുടും ബത്തെ നീക്കം ചെയ്തത്.
ഗോപന് സ്വാമിയുടെ കുടുംബത്തിന്റെ അഭിഭാഷകനും അവരെ ന്യായീകരിക്കുന്ന ചില ഹിന്ദുസംഘടനകളും സമാധി മണ്ഡപം പൊളിക്കുന്നതിലെ എതിര്‍പ്പ് പ്രകടമാക്കി.
സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ടു നിയമപരമായ യാതൊരു അറിയിപ്പും ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലായെന്നും അഭിഭാഷകന് രഞ്ജിത്ത് ചന്ദ്രന് ചൂണ്ടിക്കാട്ടി. വിഎസ് ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്, കൗണ്‍സിലര്‍ അജിത എന്നിവരും സ്ഥലത്തെത്തിയിരുന്നു.
സമാധി പൊളിക്കല്‍ മുതലായ ആചാരവിരുദ്ധ പ്രവൃത്തികള്‍ നടത്തുന്നതില്‍നിന്നും പോലീസ് പിന്മാറണമെന്നു ഹിന്ദു സംഘടനാ പ്രതിനിധികളും സമാധി സംബന്ധിച്ച സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് എതിര്‍വിഭാഗക്കാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണം വിടാതെ സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സബ് കളക്ടര്‍ ഗോപന് സ്വാമിയുടെ രണ്ട് ആണ്മക്കളോടും നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസില്‍ വരാന്‍ നിര്‍ദേശിച്ചു.
അഭിഭാഷകരോടൊപ്പം ഓഫീസിലെത്തിയ അവരോട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും നിയമപരമായ നടപടികളുമായി മുന്നോട്ടു നീങ്ങുമെന്നും സബ് കളക്ടര്‍ അറിയിക്കു കയും ഉത്തരവിന്റെ പകര്‍പ്പ് കൈമാറുകയും ചെയ്തു.
ചില റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കാനുണ്ടെന്നും അവ കൂടി പരിശോധിച്ച് സമാധി പൊളിക്കല്‍, മൃതദേഹം പുറത്തെടുക്കല്‍, പോസ്റ്റുമോര്‍ട്ടം മുതലായവയുടെ തീയതി നിശ്ചയിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.