നഗരസഭയുടെ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ വഴി അടയുന്നു
1495142
Tuesday, January 14, 2025 6:13 AM IST
അനിൽ പന്തപ്ലാവ്
പുനലൂര്‍: വയോജനങ്ങളെ സംരക്ഷിക്കാന്‍ നഗരസഭ പദ്ധതിയിട്ട 'ഓള്‍ഡ് ഏജ് ഹോമി'ന്റെ കെട്ടിടനിര്‍മാണം നിലച്ചിട്ട് അഞ്ചു വർഷമായി. പ്ലാച്ചേരിയില്‍ ഏഴുവര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച കെട്ടിടത്തിനാണ് ഈ ദുര്‍ഗതി. നിര്‍മാണ സ്ഥലത്തേക്കുണ്ടായിരുന്ന വഴി ഗതാഗതയോഗ്യമല്ലാതായതാണ് മുഖ്യകാരണം.
50 ശതമാനത്തോളം പണി നടത്തിയ ഇരുനിലകെട്ടിടം പൂര്‍ത്തിയാക്കാന്‍ ഇനി അടങ്കല്‍ പുതുക്കണം. ഇതിന് സര്‍ക്കാര്‍ കനിയുകയും വേണം. നിരാലംബരായ വയോജനങ്ങളെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കിയ പദ്ധതിയാണിത്. മൂന്നുകോടിയാണ് ഇതിനായി അനുവദിച്ചത്. 2017 ഡിസംബറില്‍ കെട്ടിടനിര്‍മാണത്തിന് കരാറായി. രണ്ടുവര്‍ഷമായിരുന്നു കാലാവധി.
എന്നാല്‍ നിര്‍മാണത്തിന് കണ്ടെത്തിയ ഭൂമി ചതുപ്പുനിലമായിരുന്നതിനാല്‍ 2018ലെ പ്രളയകാലത്ത് ഇവിടെ നിർമാണം ബുദ്ധിമുട്ടായി. ഒരു വര്‍ഷത്തിനു ശേഷമാണ് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായത്. വെള്ളക്കെട്ടുനിറഞ്ഞ ഇവിടേക്ക് വാഹനങ്ങളില്‍ നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നത് ശ്രമകരമായി. തുടര്‍ന്ന് കാലാവധി നീട്ടിവാങ്ങി 2020ല്‍ രണ്ടുനിലകളുടേയും മേല്‍ക്കൂര വാര്‍ത്തു.
ഇതിനിടെയാണ് ഇതിനോടു തൊട്ടുചേര്‍ന്ന് ലൈഫ് മിഷന് ഫ്ളാറ്റിന്റെ നിര്‍മാണം തുടങ്ങിയത്. ഇതോടെ നിര്‍മാണ സ്ഥലത്തേക്കുള്ള വഴി ഗതാഗതയോഗ്യമല്ലാതായി. ഫ്ളാറ്റ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ ഇറക്കിവച്ചതോടെ വഴിയടഞ്ഞ് വയോജനകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ണമായും നിലച്ചു.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നു കാട്ടി കരാറുകാര്‍ പലതവണ നഗരസഭയേയും കുടുംബശ്രീ മിഷനേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2020 നവംബറില്‍ നിര്‍മാണ കാലാവധി അവസാനിക്കുകയും ചെയ്തു.
1.41 കോടി രൂപയാണ് അതുവരെ നിര്‍മാണത്തിന് ചെലവഴിച്ചത്. കോവിഡിനുശേഷം നിര്‍മാണ സാമഗ്രികളുടെ വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പഴയനിരക്കില്‍ നിര്‍മാണം തുടരാനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്.
കെട്ടിടത്തിന്റെ പൂര്‍ത്തീകരണ സാധ്യത പരിശോധിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വാഹീദ് അടുത്തിടെ കെട്ടിടം പരിശോധിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പുന:പരിശോധനയില്‍, മുടങ്ങിക്കിടന്ന ഈ പദ്ധതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.