വോട്ടര്‍ പട്ടിക പുതുക്കൽ : രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം ചേര്‍ന്നു
1489141
Sunday, December 22, 2024 6:36 AM IST
കൊല്ലം: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യത്നവുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കി മാറ്റാനായി ജില്ലയുടെ ചുമതലയുള്ള ഇളക്ടറല്‍ റോള്‍ നിരീക്ഷകന് ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ബൂത്തുതല ഓഫീസര്‍മാരും ഏജന്റുമാരും സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. മരണപ്പെട്ട ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക, എന്‍ആര്‍ഐ വോട്ടര്‍മാരെ കൂടുതല്‍ ചേര്‍ക്കുക, വീടുകള്‍ സന്ദര്‍ശിച്ച് പട്ടിക കൃത്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്കി. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 29 മുതല്‍ 5154 പുതിയ വോട്ടര്‍മാരാണ് ജില്ലയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കിയത്.
പട്ടികയില്‍ പേര് ഒഴിവാക്കുന്നതിന് 7351 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇതുവരെ 18 നും 19 നും ഇടയില്‍ പ്രായമുള്ള 18,472 വോട്ടര്‍മാരാണ് പുതിയതായി പട്ടികയില്‍ പേര് ചേര്‍ത്തിയത്. യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് അധ്യക്ഷനായി. എം. നൗഷാദ് എംഎല്‍എ, സബ് കളക്ടര്‍ നിഷാന്ത് സിഹാര, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.