ലഹരി വിമുക്ത ക്രിസ്മസ് സന്ദേശ പ്രചാരണം നടത്തി
1489137
Sunday, December 22, 2024 6:28 AM IST
കൊല്ലം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ലഹരിവിമുക്തമാക്കുകയെന്ന സന്ദേശവുമായി
കെസിബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിമുക്ത ക്രിസ്മസ് സന്ദേശ പ്രചാരണം- ശാന്തിദൂത് 2024 നടത്തി.
രൂപതാതല ഉദ്ഘാടനം കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ ഡയറക്ടർ റവ. ഡോ. മിൽട്ടണ്‍ ജോർജ് നിർവഹിച്ചു. ലഹരിവിമുക്തമായ ആഘോഷങ്ങളിലൂടെ ക്രിസ്മസിന് വിശ്വാസപരമായ സാക്ഷ്യം നൽകാൻ ഏവരും തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അടിസ്ഥാനപരമായ ലക്ഷ്യം മറക്കുകയും മദ്യവും ലഹരിയും പോലുളള സാമൂഹിക തിന്മകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലഹരി കേന്ദ്രീകൃതമായ ആഘോഷ സംസ്കാരത്തിന് അറുതിവരുത്താൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ലഹരിക്കായി ചെലവഴിക്കുന്ന സന്പത്ത് പാവപ്പെട്ടവരുമായി പങ്കിട്ട് പങ്കുവയ്ക്കലിന്റെയും പരസ്നേഹത്തിന്റെയും മാതൃകളായി മാറാൻ അദ്ദേഹം വിശ്വാസ സമൂഹത്തോട് അഭ്യർഥിച്ചു.
രൂപത പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. പ്രേം ഹെൻട്രി, ഫാ. നിക്കോളാസ്, ഫാ. പ്രിൻസ്, സിസ്റ്റർ സിന്ധ്യാ മേരി, സിസ്റ്റർ നിസിറ്റാ മേരി, സിസ്റ്റർ റെജി മേരി, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ് ബി. സെബാസ്റ്റ്യൻ, ഇഗ്നേഷ്യസ് സെറാഫീൻ, മേഴ്സി യേശുദാസ് എന്നിവർ പ്രസംഗിച്ചു.