മടത്തറയിലെ എടിഎം കവര്‍ച്ചാ ശ്രമം : ഫോറൻസിക് വിഭാഗം പരിശോധന നടത്തി
1489136
Sunday, December 22, 2024 6:28 AM IST
അഞ്ചല്‍: മടത്തറയില്‍ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. മടത്തറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎം കൗണ്ടറിലാണ് കവര്‍ച്ച ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെ കൗണ്ടറില്‍ പണം നിറയ്ക്കാന്‍ എത്തിയ ഏജന്‍സി ജീവനക്കാരാണ് കൗണ്ടര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമം സംബന്ധിച്ച് ചിതറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത് എടിഎം കൗണ്ടറില്‍ പണം നിറയ്ക്കാന്‍ എത്തിയ ഏജന്‍സി ജീവനക്കാരനായ തൊളിക്കോട് സ്വദേശി സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ഇയാളുടെ മൊഴി പ്രകാരം 16ന് വൈകുന്നേരമാണ് മടത്തറ എടിഎം കൗണ്ടറില്‍ എത്തി പണം നിറച്ച ശേഷം മടങ്ങിപ്പോയത്. പിന്നീട് വെള്ളിയാഴ്ച രാത്രിയില്‍ വീണ്ടും പണം നിറയ്ക്കാനായി എത്തിയപ്പോഴാണ് കൗണ്ടറിന്റെ താഴ്ഭാഗത്തു ഫെയിസ് ഡോര്‍ കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ കൗണ്ടറിനുള്ളിലെ സിസിടിവി കാമറകള്‍ മറച്ച നിലയിലും കേബിളുകള്‍ നശിപ്പിച്ച നിലയിലും കണ്ടെത്തി.
പണം നിറയ്ക്കുന്ന ഭാഗത്തെ നമ്പര്‍ ലോക്കും തകര്‍ത്തിട്ടുണ്ട്. ഇതോടെ ബാങ്ക് മാനേജര്‍ ഉള്‍പ്പടെയുള്ള ബാങ്ക് അധികൃതരേയും, തുടര്‍ന്നു ചിതറ പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 16 നും 20 നും ഇടയിലുള്ള ഏതെങ്കിലും ദിവസത്തിലാകാം കവര്‍ച്ച ശ്രമം നടത്തിയതെന്നാണ് പോലീസ് അനുമാനം.
റൂറല്‍ പോലീസിന്റെ ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൗണ്ടറിന് മുന്നിലുള്ളതും സമീപത്തേതും ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചിതറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടങ്ങുന്ന പോലീസ് സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.