തെരുവുകള്‍ കൈയടക്കി നായക്കൂട്ടങ്ങള്‍ : തെരുവുനായ നിയന്ത്രണ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു
1489132
Sunday, December 22, 2024 6:28 AM IST
കുളത്തൂപ്പുഴ: ദിനം പ്രതി വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യത്തിനു പരിഹാരമായി ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപിച്ച തെരുവുനായ നിയന്ത്രണവും പുനരധിവാസ കേന്ദ്രവും പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രാവര്‍ത്തികമായില്ല. ഗ്രാമവീഥികളില്‍ ഭീതി വിതച്ച് സംഘങ്ങളായി എത്തുന്ന തെരുവുനായക്കൂട്ടങ്ങളെ ഭയന്ന് വഴിനടക്കാനാവാതെ പൊതുജനം വലയുകയാണ്.
കുളത്തൂപ്പുഴ പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തെരുവു നായ വന്ധ്യംകരണവും പുനരധിവാസ കേന്ദ്രവും പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ പുനരധിവാസ കേന്ദ്രത്തിനായി കല്ലുവെട്ടാംകുഴിയിലെ പൊതുശ്മശാനത്തിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
പഞ്ചായത്ത് പ്രദേശത്ത് അലഞ്ഞു തിരിയുന്ന തെരുവുനായകളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഒരാഴ്ചയോളം പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് സംരക്ഷിച്ചശേഷം തനത് ആവാസ വ്യവസ്ഥയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
ഗ്രാമപ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിലടക്കം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തെരുവുനായകളുടെ വിളയാട്ടമാണ്. സംഘം ചേര്‍ന്ന് കടിപിടി കൂടി നിരത്തുകളിലേക്ക് ഓടിയിറങ്ങുന്ന നായകള്‍ വിദ്യാര്‍ഥികള്‍ക്കും വഴി യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു.
സന്ധ്യമയങ്ങിയാല്‍ കുളത്തൂപ്പുഴ ടൗണിലൂടെ കാല്‍നട യാത്രികര്‍ക്ക് നടന്നു പോകാനാവാത്ത സ്ഥിതിയാണുള്ളത്. ഓരോ വര്‍ഷവും ബജറ്റ് പ്രഖ്യാപന വേളയില്‍ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തെരുവുനായ നിയന്ത്രണ പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.