വനനിയമഭേദഗതി ബിൽ പിൻവലിക്കണം: കർഷക കോൺഗ്രസ്
1488203
Thursday, December 19, 2024 5:37 AM IST
അഞ്ചൽ: മലയോരമേഖലയുമായി ബന്ധപ്പെട്ടു 430 പഞ്ചായത്തുകളിലായി താമസിക്കുന്ന ലക്ഷക്കണക്കിന് കർഷക കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്ന വനനിയമ ഭേദഗതി ബിൽ നിയമസഭ ഐകകണ്ഠേന തള്ളിക്കളയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട പോലീസിനെ നോക്കുകുത്തിയാക്കി വാറണ്ടില്ലാതെ ആരേയും അറസ്റ്റ് ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.
കാർഷിക മേഖലയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും അതുമൂലം ഭക്ഷ്യ രംഗത്ത് വിപ്ലവകരമായ പുരോഗതി സൃഷ്ടിക്കുന്നതിനും കഴിയുന്നതിന് സഹായകമാകണം നിയമം.
കർഷക താൽപ്പര്യം സംരക്ഷിച്ച്, വനം സംരക്ഷിച്ച് ,വന്യമൃഗങ്ങളെ സംരക്ഷിച്ച്, മനുഷ്യന്റെ ജീവന് നിലനിൽപ്പ് ഉണ്ടാക്കാൻ ഉതകത്തക്ക നിയമനിർമ്മാണം നടത്താൻ തയാറാവുകയാണ് വേണ്ടത്.അല്ലാതെ കർഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കർഷക സംഘടനകളുമായി ചേർന്ന് ശക്തമായ സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.