ഉത്രവധകേസ്: ഉത്രയുടെ അമ്മയുടെ മൊഴികളിൽ വൈരുധ്യമെന്ന് പ്രതിഭാഗം
1488070
Wednesday, December 18, 2024 6:50 AM IST
പുനലൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്രവധകേസിൽ ഉത്രയുടെ അമ്മയുടെ മൊഴികളിൽ വൈരുധ്യമെന്ന് പ്രതിഭാഗം. ഉത്രവധക്കേസിനോടനുബന്ധിച്ചുള്ള സ്ത്രീധന പീഡനക്കേസ് പരിഗണിക്കുന്ന പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്ന ക്രോസ് വിസ്താരത്തിലാണ് ഉത്രയുടെ അമ്മ മണിമേഖലയുടെ മൊഴികളിൽ വൈരുധ്യങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന് പ്രതിഭാഗം വാദിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്രയ്ക്ക് ഭർതൃഗൃഹത്തിൽ ഗാർഹിക പീഡനമോ സ്ത്രീധന പീഡനമോ ഏറ്റിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഉത്രയുടെ സ്വർണാഭരണങ്ങൾ മണിമേഖല കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ മൂന്നാം സാക്ഷിയാണ് മണിമേഖല. പ്രോസിക്യൂഷൻ ചീഫ് വിസ്താരം പൂർത്തിയായശേഷമാണ് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടന്നത്.
ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതി സൂരജ് എസ്.കുമാർ വീഡിയോ കോൺഫറൻസിലും മൂന്നാം പ്രതി രേണുക കോടതിയിൽ നേരിട്ടും ഹാജരായി. സൂരജിന്റെ സഹോദരി നാലാംപ്രതി സൂര്യയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന്കോടതി ഇളവ് നൽകിയിരുന്നു. പ്രോസീക്യൂഷന് വേണ്ടി എപിപി ശിബ്ദാസും പ്രതികൾക്ക് വേണ്ടി അഡ്വ. അനീസ് തങ്ങൾ കുഞ്ഞും ഹാജരായി. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം സ്വദേശി ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.