കാട്ടാനശല്യം അതിരൂക്ഷം: ഭീതിയിൽ കര്‍ഷകര്‍
1488209
Thursday, December 19, 2024 5:37 AM IST
ആര്യങ്കാവ് : ആര്യങ്കാവ് ഇടപ്പാളയം ആറുമുറിക്കട ഭാഗത്താണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാട്ടാന വിഹരിക്കുന്നത്. ഏക്കര്‍ കണക്കിന് കൃഷിയിടം കാട്ടാന നശിപ്പിച്ചു.
തെങ്ങ്, റബര്‍, കുരുമുളക്, കമുക് അടക്കം നശിപ്പിച്ച കൃഷി വിളകളില്‍ ഉള്‍പ്പെടുന്നു. കാട്ടാന കൂട്ടമായും ഒറ്റയ്ക്കും ജനവാസ മേഖലയില്‍ വ്യാപകമായ നാശം വരുത്തുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കാട്ടാന ശല്യംരൂക്ഷമാകുമ്പോൾ വനപാലകരുടെ സഹായം പോലും ലഭ്യമാകാറില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കല്ലോ, പടക്കമോ എറിഞ്ഞ് കാട്ടാനയെ തുരത്താനാണ് വനപാലകര്‍ പറയുന്നതെന്നും ഇവര്‍ പറയുന്നു. കാട്ടാനയ്ക്ക് പുറമെ, കുരങ്ങ്, മയില്‍, മലയണ്ണാന്, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്.
നാട്ടുകാരുടെ പ്രതിഷേധവും പരാതികളും വ്യാപകമാകുമ്പോൾ നടപടികള്‍ പ്രഖ്യാപിക്കുന്ന അധികൃതരും ജനപ്രതിനിധികളും ഇവ നടപ്പാക്കുന്നതില്‍ വേണ്ട ജാഗ്രത പുലര്‍ത്താറില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് സ്ഥിരമായുണ്ടാകുന്ന വന്യമൃഗ ശല്യം സൂചിപ്പിക്കുന്നത്. വേണ്ടത് പ്രഖ്യാപനമല്ലെന്നും പ്രവര്‍ത്തിയാണെന്നും നാട്ടുകാര്‍ പറയുന്നു. എംഎല്‍എ പ്രഖ്യാപിച്ച വനാവരണം പദ്ധതിയും എങ്ങും എത്തിയിട്ടില്ല.
വന്യമൃഗ ശല്യം ചൂണ്ടിക്കാട്ടി നവകേരള സദസില്‍ പരാതി നല്കി. ഇതിലും കാര്യമായ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. പ്രഖ്യാപനങ്ങള്‍ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോഴും കര്‍ഷകരുടെ ദുരിതാവസ്ഥയ്ക്ക് മാത്രം പരിഹാരമുണ്ടാകുന്നില്ല എന്നതാണു യാഥാര്‍ഥ്യം.
കര്‍ഷകരോ നാട്ടുകാരോ ആയ ഏതെങ്കിലും ഒരാളുടെ ജീവന് എടുക്കുംവരെ അധികൃതര്‍ ഈ അലംഭാവം തുടരുമെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു. ഇനിയും നിസംഗതയും അവഗണനയും തുടര്‍ന്നാൽ ശക്തമായ ജനകീയ പ്രതിഷേധത്തിലേക്ക് പോകാനാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും തീരുമാനം