പുനലൂർ ഫാത്തിമ പബ്ലിക് സ്കൂൾ രജതജൂബിലി ആഘോഷം
1488063
Wednesday, December 18, 2024 6:50 AM IST
പുനലൂർ: പുനലൂർ ഫാത്തിമ പബ്ലിക് സ്കൂൾ രജതജൂബിലി ആഘോഷവും എഡുബിഷൻ- 24 പ്രദർശനവും 20, 21 തീയതികളിൽ നടക്കും.
ഐഎസ്ആർഒ, വിഎസ്എസ് സി എന്നീ സ്ഥാപനങ്ങളുടെ ശാസ്ത്ര- പ്രദർശനങ്ങൾ, എഐ, വിർച്വൽ റിയാലിറ്റി എന്നിവയുടെ പവലിയൻ, ഉപരിപഠനം സംബന്ധിച്ച സ്റ്റാളുകൾ, ഗണിതശാസ്ത്ര പവലിയൻ, കായിക മേഖലയിലെ മാറ്റങ്ങളും അവസരങ്ങളും അറിയാനുള്ള സൗകര്യങ്ങൾ, അഗ്നി ശമന വകുപ്പിന്റെ സേവനങ്ങൾ തുടങ്ങിയവ എക്സിബിഷനിൽ ഒരുക്കും. ഉന്നതവിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന നിലയിലാണ് പ്രദർശനം ഉൾപ്പെടെ ഒരുക്കുന്നത്.
കാൽനൂറ്റാണ്ടായി കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും മറ്റു മേഖലകളിൽ നൽകിവരുന്ന പ്രോത്സാഹനവുമാണ് സ്കൂളിന്റെ മുതൽക്കൂട്ടെന്ന് മാനേജർ പ്രഫ. എച്ച്. അൻസറുദീൻ, സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾ കുഞ്ഞ് എന്നിവർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പ്രദർശനം ആരംഭിക്കും. രാത്രി ഏഴിന് പൊതുസമ്മേളനം ജില്ലാ ജഡ്ജ് മുഹമ്മദ് റഈസ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പ്രഫ. എച്ച്. അൻസറുദീൻ അധ്യക്ഷത വഹിക്കും. ഐഐടി പ്രവേശനം സംബന്ധിച്ച് അനഘ എസ്. നായർ പ്രഭാഷണം നടത്തും. വിവിധ രംഗങ്ങളിൽ മികവ് നേടിയവരെ സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾ കുഞ്ഞ്, റിട്ട. തഹസീൽദാർ എച്ച്. നാസറുദീൻ, പിടിഎ പ്രസിഡന്റ് ദീപ അജിത്ത്, അഡ്മിൻ ഓഫിസർ പ്രസാദ് ജി. നായർ എന്നിവർ ആദരിക്കും. പുനലൂർ എസ്എച്ച്ഒ ടി. രാജേഷ് കൂമാർ സമ്മാനം വിതരണം ചെയ്യും.
ശനിയാഴ്ച രാത്രി ഏഴിന് പൊതുസമ്മേളനം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂളിൽ ആരംഭിക്കുന്ന ഇന്നവോഷൻ സെന്റർ ഐഐടി വിദ്യാർഥികളായ ഷെജീൻ ഷാ, അനഘ എസ്. നായർ എന്നിവർ ഉദ്ഘാടനം ചെയ്യും. ബ്രൈറ്റ് അക്കാദമി ഡയറക്ടർ ജെ. ഷിബു കരിയർ ഗൈഡൻസ് നൽകും. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർ ജ്യോതി, റിട്ട. ഡെപ്യൂട്ടി കളക്ടർ എച്ച്. സലീം രാജ്, എംപിടിഎ പ്രസിഡന്റ് കെ.എ. സാജിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും.