മെത്ത നിർമാണ കേന്ദ്രത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
1488073
Wednesday, December 18, 2024 6:50 AM IST
കൊല്ലം: ശാസ്താംകോട്ട പോരുവഴി കമ്പലടിയിൽ മെത്ത നിർമാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കമ്പലടി ചിറയിൽ കിഴക്ക് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെത്ത കടയ്ക്കാണ് തീ പിടിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കടയ്ക്ക് തീ പിടിക്കുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ശൂരനാട് പോലീസിന്റേയും നാട്ടുകാരുടെയും സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മെത്തകളും അനുബന്ധ ഉപകരണങ്ങളും മെത്ത നിർമിക്കാനുള്ള പഞ്ഞി, ചകിരി എന്നിവയും പൂർണമായും കത്തി നശിച്ചു.
സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ ബിനോയ് വിശ്വം, ഫയർമാൻമാരായ രതീഷ്, സുജാതൻ, ഷിനാസ്, ഫയർമാൻ ഡ്രൈവർ രവി, ഹോം ഗാർഡുമാരായ പ്രദീപ്, ഷിജു, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.