സഹകരണ പെൻഷൻകാരുടെ കളക്ടറേറ്റ് മാർച്ച് നാളെ
1488069
Wednesday, December 18, 2024 6:50 AM IST
കൊല്ലം: സഹകരണ പെൻഷൻകാർ 19 ന് രാവിലെ 10 ന് കൊല്ലം കളക്ട്രേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും. ജനുവരിയിൽ കാസർഗോഡ് നിന്ന് പ്രചാരണ വാഹന ജാഥ ആരംഭിക്കും.
ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് എൻ.ജി. ശശിധരൻ, കെ. വിജയൻപിള്ള, പ്രബോധ്. എസ്. കണ്ടച്ചിറ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സഹകരണ മേഖലയിലെ ജീവനക്കാർ മുൻകൈ എടുത്ത് 1995 ൽ കോൺട്രിബ്യൂഷൻ തുക വക മാറ്റി രൂപീകരിച്ച സ്വാശ്രയ പെൻഷൻ പദ്ധതിയാണ് നിലവിലുള്ളത്. പരമാവധി പെൻഷൻ 10,000 രൂപ എന്ന നിലയിലാണ് ആരംഭം കുറിച്ചത്. പിന്നീട് 15 അംഗ പെൻഷൻ സമിതി രൂപീകരിച്ചു. പെൻഷൻ ബോർഡിൽ നിന്ന് ലഭിക്കുന്ന കുറഞ്ഞ പെൻഷൻ 3,000 രൂപയും പരമാവധി പെൻഷൻ 17,850 രൂപയാണ്.
പെൻഷൻ പരിഷ്കരണത്തിനായി രൂപീകരിച്ച റിട്ട. ജില്ലാ ജഡ്ജി രാജേന്ദ്രൻ നായർ അധ്യക്ഷനായ കമ്മറ്റി 15 മാസങ്ങൾക്കുശേഷം ബോർഡിന്റെ സാമ്പത്തിക വർധനവിന് വേണ്ടി ഒട്ടനേകം നിർദേശങ്ങൾ നൽകി.
സഹകരണ പെൻഷൻകാർക്ക് വെട്ടിക്കുറച്ച ക്ഷാമബത്ത അടക്കം യാതൊരു ആനുകൂല്യങ്ങളും നൽകാൻ പറ്റില്ലെന്ന നിർദേശമാണ് വച്ചിട്ടുള്ളത്. നിർദേശിച്ച മുഴുവൻ സാമ്പത്തികവും ബോർഡിന് ലഭിച്ചതിന് ശേഷം രണ്ട് ശതമാനം ആനുകൂല്യം നൽകാനാണ് നിർദേശം.
പെൻഷൻകാരുടെ ഫണ്ടിൽ 1658 കോടി രൂപ ബാക്കി നിൽക്കുന്നു. 2024 മാർച്ചിലെ വാർഷിക കണക്ക് പ്രകാരം 69 കോടി രൂപ ലാഭമാണ്. പെൻഷൻകാർക്ക് മാന്യമായ സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്ത ജസ്റ്റീസ് രാജേന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് ബഹിഷ്കരിക്കുന്നതിനും, റിപ്പോർട്ട് പരസ്യമായി കത്തിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.