സ്വർണം മോഷ്ടിച്ച അയൽവാസി അറസ്റ്റിൽ
1488066
Wednesday, December 18, 2024 6:50 AM IST
ചവറ: വീട്ടിൽ നിന്ന് സ്വർണം കവർന്ന അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലയ്ക്കൽ പള്ളിയാടി കിഴക്കതിൽ ഷൗക്കത്തലിയുടെ വീട്ടിൽ നിന്ന് സ്വർണം കവർന്ന തേവലക്കര പാലയ്ക്കൽ സ്വദേശി മുരളീധരനെ(50)യാണ് ചവറ തെക്കുംഭാഗം പോലീസ് പിടികൂടിയത്.
കഴിഞ്ഞ16 ന് പുലർച്ചെ ഷൗക്കത്തലിയുടെ വീട്ടിന് പുറകുവശത്ത് ആടിനെ കരയിപ്പിച്ച ശേഷം വീട്ടുകാരെ വെളിയിൽ എത്തിക്കുകയായിരുന്നു. വീട്ടുകാർ വെളിയിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മുരളീധരൻ കിടപ്പുമുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന 37 ഗ്രാം സ്വർണമാല മോഷ്ടിച്ച് രക്ഷപ്പെട്ടു.
സിസിടിവിയുടെ ദൃശ്യങ്ങളിൽ നിന്നാണ് മുരളീധരനെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം സമീപത്തുള്ള ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ചവറ തെക്കുംഭാഗം സിഐ ശ്രീകുമാർ, എസ്ഐ ഗോപകുമാർ, എഎസ്ഐ മാരായ രഞ്ജിത്ത്, ദീപ്തി , അനിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.