ഗോപിക കണ്ണന് ചിത്രരചനക്ക് ദേശീയ അംഗീകാരം
1488212
Thursday, December 19, 2024 5:37 AM IST
കൊല്ലം: കേന്ദ്ര ഊർജ സംരക്ഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന വിദ്യാർഥികളുടെ ദേശീയ ചിത്രരചനാ മത്സരത്തിൽ കേരളത്തെ പ്രതിനിധികരിച്ചു പങ്കെടുത്ത ഗോപിക കണ്ണൻ ദേശിയ അംഗീകാരം നേടി.
ഉപരാഷ്ട്രപതി ജഗദീപ് ധൻകർന്റേയും കേന്ദ്ര ഊർജ്വകുപ്പ് മന്ത്രി മനോഹർ ലാലിന്റേയും അഭിനന്ദനം നേടുകയും ചെയ്തു. കൊല്ലം എസ് എൻ ട്രസ്റ്റ് സെന്റർ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ ഗോപിക കണ്ണൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലധികം വിദ്യാർഥികളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
ഈ വർഷം നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ചു ഇനങ്ങളിൽ മത്സരിച്ച് ഒന്നാം സ്ഥാനവും ഏ ഗ്രേഡോടു കൂടി മികച്ച വിജയവും കരസ്ഥമാക്കിയിരിന്നു.
സിബിഎസ്ഇ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ മലയാളം പാഠാവലിക്കു ചിത്രങ്ങൾ വരച്ചിട്ടുള്ള ഗോപിക എം. മുകുന്ദന്റെ പാരീസ് എന്ന നോവലിനും ഇല്ലസ്ട്രേഷനും കവർ ചിത്രവും ചെയ്ത് മുകുന്ദന്റെ അഭിനന്ദനവും നേടിയിരിന്നു. മാടൻനട വടക്കെവിള ശ്രീവിലാസം നഗറിൽ കണ്ണന്റേയും മഞ്ജുവിന്റേയും മകളാണ് ഗോപിക. സഹോദരി മീനാക്ഷി കണ്ണനും ചിത്രകാരിയാണ്. നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ഗോപിക കണ്ണൻ അറുന്നൂറോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.