ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
1488067
Wednesday, December 18, 2024 6:50 AM IST
പരവൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂതക്കുളം അമ്മാരത്തുമുക്ക് ഷാജി നിവാസിൽ ഷാജി (54) ആണ് പടിയിലായത്.
പോലീസ് പറയുന്നത് : പ്രവാസിയായിരുന്ന പ്രതി ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതത്തിലാണ്. ഷാജി നാട്ടിൽ എത്തിയതു മുതൽ ഭാര്യയുമായി നിരന്തരം കലഹത്തിലാണ്. നിരവധി തവണ ഇവർ തമ്മിൽ അടിപിടി നടന്നതിന് പോലീസിൽ പരാതി ലഭിക്കുകയും സ്റ്റേഷനിൽ വച്ച് ഒത്തു തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
വിദേശത്തായിരുന്നപ്പോൾ നാട്ടിലേക്ക് അയച്ച പണമെല്ലാം ധൂർത്തടിച്ചതായി ആരോപിച്ചാണ് കലഹം നടക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരിയായ ബിന്ദുവും ഷാജിയും തമ്മിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കലഹം ഉണ്ടാകുകയും പിരിഞ്ഞു കഴിയുകയുമായിരുന്നു.
കഴിഞ്ഞ ഒന്പതിന് ഇവരുടെ ബന്ധുക്കൾ മുഖേന ഒത്തുതീർപ്പ് നടത്തുകയും ബിന്ദുവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. അവിടെ വച്ച് വീണ്ടും വാക്കുതർക്കം ഉണ്ടായി. ഷാജി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിന്ദുവിനെ തലയ്ക്കും കൈയ്ക്കും വെട്ടി.
അതിനുശേഷം സ്വയം കഴുത്തിലും വയറ്റിലും കുത്തി മുറിവേല്പിക്കുകയും ചെയ്തു.ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.