അമോഘ 2024; സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണവും ചെയ്തു
1488205
Thursday, December 19, 2024 5:37 AM IST
കൊല്ലം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊല്ലം ജില്ലയുടെ ശിരോലങ്കാരമായി വർത്തിക്കുന്ന കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജ് 1951-ൽ ദൈവദാസൻ ബിഷപ് ജെറോം എം ഫെർണാണ്ടസിനാൽ സ്ഥാപിതമായി.
കൊല്ലം ജനതയുടെ നവോത്ഥാന ചരിത്രത്തിൽ നിസ്തുലമായ പങ്ക് വഹിച്ച കലാലയമാണ്. ജില്ലയിലെ തന്നെ ആദ്യത്തെ സ്വയംഭരണ കോളജായ ഫാത്തിമ കോളജ് യുജിസി നാക്ക് എ ഗ്രേഡ് അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്നു.
എഴുപത്തിമൂന്ന് വർഷത്തെ സേവന പാരമ്പര്യവുമായി പ്രയാണം തുടരുന്ന ഫാത്തിമ കോളജിൽ നിന്നും 2023 - 24 വർഷത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ 650 വിദ്യാർഥികൾക്ക് ഇന്ന് രാവിലെ 10 ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അമോഘ 24 സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്യും.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ആദ്യ വനിത വൈസ് ചാൻസിലർ ആയ ഡോ.ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് മുഖ്യാതിഥി ആവുകയും വിദ്യാർഥികൾക്ക് മെഡലുകൾ സമ്മാനിക്കുകയും ചെയ്യും. കൊല്ലം ബിഷപ് റൈറ്റ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോളജിലെ പൂർവവിദ്യാർഥി ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജൂഡിത് മോറിസ്, കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് .അനിൽകുമാർ,കോളജ് മാനേജർ അഭിലാഷ് ഗ്രിഗറി എന്നിവർ സംബന്ധിക്കും. പ്രിൻസിപ്പൽ പ്രഫ.സിന്ധ്യ കാതറിൻ മൈക്കിൾ സ്വാഗതം പറയും.
1951ൽ സ്ഥാപിതമായ ഫാത്തിമ കോളജിൽ ഇപ്പോൾ 17 ബിരുദ വിഭാഗങ്ങളിലും 10 ബിരുദാനന്തര ബിരുദ വിഭാഗങ്ങളിലുമായി മൂവായിരത്തോളം വിദ്യാർഥികൾ അധ്യയനം നടത്തിവരുന്നു. എട്ടു റിസർച്ച് ഡിപ്പാർട്ട്മെന്റുകളും പ്രവർത്തിക്കുന്നുണ്ട്. 2014 സ്വയംഭരണ പദവി ലഭ്യമായ കോളജിൽ ഈ വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകളും ആരംഭിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലും സർട്ടിഫിക്കറ്റ്ദാന ചടങ്ങ് അമോഘ എന്ന പേരിൽ നടത്തിയിരുന്നു .സർട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് പൂർവ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, സാമൂഹിക- രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.ജനറൽ കൺവീനർ ഡോ. സ്റ്റാൻസിലാവോസ് പബ്ലിസിറ്റി കൺവീനർ ഡോ. ബിജു മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാ. അഭിലാഷ് ഗ്രിഗറി, ഡോ .സിന്തിയ കാതറിൻ മൈക്കിൾ, ഡോ. ബിജു മാത്യു, എസ്. സ്റ്റാൻലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.