വീട്ടമ്മയ്ക്ക് അമിത വൈദ്യുതി ബില്‍ ; ഇലട്രീഷ്യനിൽ നിന്ന് തുക ഈടാക്കുമെന്ന് കെഎസ്ഇബി
1488055
Wednesday, December 18, 2024 6:50 AM IST
അഞ്ചല്‍: ഏരൂരില്‍ വീട്ടമ്മയ്ക്ക് പതിനേഴായിരത്തോളം രൂപയുടെ വൈദ്യുതി ബില്‍ വന്ന സംഭവത്തില്‍ കെഎസ്ഇബി അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ ഈസ്റ്റ് കെഎസ്ഇ ബി അസിസ്റ്റന്റ് എൻജിനീയർഉള്പ്പടെയുള്ള സംഘം ആലഞ്ചേരി പൊന്‍വെയില്‍ സ്വദേശിനി അമ്പിളിയുടെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി.
പരിശോധനയില്‍ എര്‍ത്ത് തകരാര്‍ തന്നെയാണ് ബില്‍ കൂടാന്‍ കാരണമെന്ന് കണ്ടെത്തി. വീടിന് സമീപത്തുള്ള കിണറ്റില്‍ തകരാറിലായിരുന്ന ജലസേചന മോട്ടോര്‍ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. അമിത ബില്‍ വീട്ടമ്മയില്‍ നിന്ന് ഈടാക്കില്ല.
പകരം അശാസ്ത്രീയമായി കണക്ഷന് നൽകിയ ഇലട്രീഷ്യനില് നിന്ന് ഈടാക്കുമെന്ന്അഞ്ചല് ഈസ്റ്റ് കെഎസ്ഇബി എൻജിനീയർ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് അനുവദിച്ച നിര്‍മാണം പൂര്‍ത്തീകരിക്കാത്ത ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അമ്പിളിക്ക് 17,444 രൂപയുടെ ബില്ലാണ് ലഭിച്ചത്. നിര്‍ധനയായ അമ്പിളിയുടെ ദുസ്ഥിതി വാര്‍ത്തയായതോടെ പൊതുപ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗം ഉള്‍പ്പടെയുള്ളവരും സ്ഥലത്തെത്തി, ജില്ലാ കളക്ടര്‍, കെഎസ്ഇബി അധികൃതര്‍ ഉള്‍പ്പടെയുള്ളവരെ വിവരം ധരിപ്പിച്ചു.
തുക തന്നില്‍ നിന്ന് ഈടാക്കില്ലെന്ന കെഎസ്ഇബിയുടെ വാക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് അമ്പിളി.