പൊതുശുചിമുറികളുടെ നിലവാരം മെച്ചമാക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1488071
Wednesday, December 18, 2024 6:50 AM IST
കൊല്ലം: പൊതു ശുചിമുറികളുടെ ശുചിത്വ -സേവന ഗുണനിലവാരം മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ.എന്‍ . ബാലഗോപാല്‍. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ട്രാവലേഴ്സ് ഫെസിലിറ്റേഷന്‍ കോംപ്ലക്സില്‍ ആധുനിക രീതിയില്‍ നവീകരിച്ച സുലഭ് കംഫര്‍ട്ട് സ്റ്റേഷന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ യാത്രക്കാര്‍, പൊതുജനങ്ങള്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് യാത്രാമധ്യേ ഉപയോഗിക്കാന്‍ വൃത്തിയുള്ള ശുചിമുറികള്‍. കേരളത്തിന്റെ 10 ശതമാനം വരുമാനവും വിനോദസഞ്ചാര മേഖലയില്‍ നിന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശികള്‍ കൂടാതെ തദ്ദേശ ടൂറിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ യാത്രാമധ്യേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുക സര്‍ക്കാരിന്റെ മുന്‍ഗണന വിഷയമാണ്. ബജറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ പ്രധാനികളുമായി ചര്‍ച്ചകളും നടത്തി. ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയര്മാന് എസ്.ആര്.രമേശ് അധ്യക്ഷനായി. കെഎസ്ആര്‍ടിസി എംഡി പി.എസ്. പ്രമോജ് ശങ്കര്‍, സുലഭ് ഇന്റര്‍നാഷണല്‍ കണ്ട്രോളര് അവിനാഷ് കുമാര്‍ തിവാരി, കൊട്ടാരക്കര ഡിപ്പോ എന്‍ജിനീയര്‍ എസ്. ശ്രീകാന്ത്, ബി.അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.