ചടയമംഗലം പോരേടത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
1479028
Thursday, November 14, 2024 6:27 AM IST
ചടയമംഗലം: പോരേടത്ത് മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. സബ്സിഡി സാധനങ്ങള്‍ക്കു പുറമേ മറ്റ് നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും നല്‍കിവരുന്ന മാവേലി സ്റ്റോറിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ രീതിയിലേക്ക് ഉയര്‍ത്തുന്ന 108-ാമത് സ്ഥാപനമാണിത്. കഴിഞ്ഞ ഓണക്കാലത്ത് 27 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാനമായി ഓഫര്‍ സൗകര്യം ഉള്‍പ്പെടെ ലഭ്യമാക്കി.
റേഷന്‍ കടകളില്‍ സാധനങ്ങള്‍ക്ക് കുറവില്ലെന്നും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ചടയമംഗലത്ത് സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. കൂടാതെ, സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴുവരെയാക്കാനും അനുവാദം നല്കി. അവസാനത്തെ ബസ് സമയം കണക്കിലെടുത്താണ് തീരുമാനം.
ആധുനിക സജ്ജീകരണങ്ങളോടെയാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. പോരേടം സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന് ആദ്യ വില്പന നിര്‍വഹിച്ചു.
ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി. വി നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. രാജു, സ്ഥിരംസമിതി അധ്യക്ഷര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.