ഐടി മേഖലയിൽ കൂടുതൽ തൊഴിലവസരമൊരുക്കും: മന്ത്രി
1479021
Thursday, November 14, 2024 6:17 AM IST
കൊട്ടാരക്കര: ഐടി മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
ഐടി, ഐടി അനുബന്ധ മേഖലയിൽ 500 പ്രഫഷണലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. ലോകോത്തര ഐടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ കാമ്പസ് കൊട്ടാരക്കര മണ്ഡലത്തിൽ ആരംഭിക്കും.
പ്രാരംഭ ഘട്ടത്തിൽ 250 പേർക്ക് ഇവിടെ ജോലി ഉറപ്പാകും. ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജ് കാമ്പസിൽ സോഹോ കോർപ്പറേഷൻ നേതൃത്വം നൽകുന്ന കാമ്പസ് ഇൻഡസ്ട്രീയൽ ഐടി പാർക്കായ ലീപ് സെന്ററിലെ ട്രെയിനികളോട് സംവദിക്കുകയായിരുന്നു മന്ത്രി.
വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെ 250 ഐടി പ്രഫഷണലുകൾക്ക് ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യാനാകും. കൊട്ടാരക്കര നഗരത്തിൽ ഡ്രോൺ റിസർച്ച് പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായി മന്ത്രി പറഞ്ഞു. പാർക്കിന് ആവശ്യമായ സ്ഥലം കൊട്ടാരക്കര നഗരത്തിൽതന്നെ ലഭ്യമാക്കും.
കൊട്ടാരക്കരയെ ഐടി, റിസർച്ച് ആൻഡ് ഡെവലെപ്പ്മെന്റ് ഹബ് ആക്കാൻ വിവിധ തരത്തിലുള്ള പദ്ധതികളാണ് മുന്നേറുന്നത്. ഐടി കാമ്പസിന് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലയിലാണ് സോഹോ കോർപ്പറേഷൻ ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ കാമ്പസ് തുറക്കാൻ കൊട്ടാരക്കരയെ തെരഞ്ഞെടുത്തത്.
സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം രണ്ടാംനിര നഗരങ്ങളിലേക്ക് ഐടി മേഖലയുടെ പറിച്ചുനടീലിനുള്ള മാതൃക കൂടിയായി കൊട്ടാരക്കര മാറുകയാണെന്ന് മന്ത്രി പറഞ്ഞു. ലീപ് സെന്ററിലെ ട്രെയിനികൾ തങ്ങളുടെ അനുഭവങ്ങൾ മന്ത്രിയുമായി പങ്കുവച്ചു. പരിശീലനം പുർത്തിയാക്കി സെന്ററിൽതന്നെ പ്രോജക്ട് ഇന്റേണികളായി ചേർന്നവരും അനുഭവങ്ങൾ പങ്കുവച്ചു.
അസാപ് സിഇഒ അനുപ് അംബിക, ലീപ് സെന്റർ പ്രോഗ്രാം മാനേജർ മഹേഷ് ബാലൻ, പ്രിൻസിപ്പൽ റിസർച്ചർ ഡോ. ജയരാജ് പോരൂർ, ഡെവലപ്പ്മെന്റൽ സൈക്കോളജിസ്റ്റ് എ. ബാബു മാത്യു എന്നിവരും പങ്കെടുത്തു.