നെടുമങ്ങാട് പോലീസ് വാഹനങ്ങള്‍ കട്ടപ്പുറത്ത്; പട്രോളിംഗ് തകരാറില്‍
1454400
Thursday, September 19, 2024 6:09 AM IST
നെടുമങ്ങാട്: ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ കാരണം നെടുമങ്ങാട് പോലീസ് സബ് ഡിവിഷനിലെ പട്രോളിംഗ് സംവിധാനം തകരാറിലായി. രണ്ടു വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വ്വഹണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഡി വൈ എസ് പിയുടെ ചുമതലയിലുള്ള വഴയില പൊന്മുടി ദേശീയപാതയിലെ കേരള ഹൈവേ പോലീസിൻ്റെ കെ.എല്‍ 01 ബികെ 7862 നമ്പർ ജീപ്പും നഗരസഭയുടെ സമീപത്തായി കെ.എല്‍ 01 ബിഡബ്ല്യു 3224 ആം നമ്പർ ജീപ്പ് പിഡബ്ല്യൂ റസ്റ്റ്ഹൗസ് കോമ്പൗണ്ടിലും തകരാർ കാരണം ഉപേക്ഷിച്ചിരിക്കുന്നത്.
ഹൈവേ പോലീസ് വാഹനം ബ്രേക്ക് നഷ്ടപ്പെട്ടതും, ഗീയര്‍ബോക്സ് തകരാറിലായി ടാറ്റാസുമയും മൂന്നുമാസമായി കട്ടപ്പുറത്ത് കിടക്കുന്നത്. ഹൈവേ പോലീസിന് പകരം പഴയവാഹനം നല്‍കിയെങ്കിലും പൊന്മുടി ഹൈറേഞ്ച് കയറാന്‍ കഴിയാതെ പാതി വഴിയില്‍ മടങ്ങേണ്ട സ്ഥിതിയുണ്ടായി .
വാഹനങ്ങള്‍ക്ക് തരാറുകള്‍ സംഭവിക്കുമ്പോള്‍ ആ സമയത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വന്തം കാശ് മുടക്കി തകരാര്‍ പരിഹരിക്കുമെങ്കിലും സ്ഥായിയായ തകരാറുകള്‍ മാറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. പോലീസ് വാഹനങ്ങള്‍ സര്‍വ്വീസ് ചെയ്തു പരിഹരിക്കാന്‍ ആര്യനാട്ടെ സ്വകാര്യ വര്‍ക്ക്ഷോപ്പില്‍ കരാര്‍ എല്പ്പിച്ചിച്ചിട്ടുണ്ട്. ഇതു പ്രകാരം വര്‍ക്ക് ഷോപ്പ് ഉടമ എസ്റ്റിമേറ്റ് നല്കി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗിന് കൈമാറും.
ഇവരുടെ പരിശോധന റിപ്പോര്‍ട്ട് റൂറല്‍ എസ് പിക്ക് കൈമാറി.വര്‍ക്ക് ഓർഡര്‍ നല്കിയാല് മാത്രമെ വാഹനത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കാനുള്ള കാലതാമസമാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ബുദ്ധിമുട്ട് നേരിടുന്നത്.
ജില്ലയിലെ എറ്റവും കൂടതല്‍ കുറ്റകൃത്യം രേഖപ്പെടുത്തിയിട്ടുള്ള സ്റ്റേഷനാണ് നെടുമങ്ങാട് സബ്ഡിവിഷന്. വിളിച്ചുപറയുന്ന പരാതികള്‍ പരിഹരിക്കാന്‍ സമയബന്ധിതമായി സ്ഥലങ്ങളില്‍ എത്താന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ ഓട്ടോറിക്ഷകളേയും ഇരുചക്രവാഹനങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു.
നൈറ്റ് പ്രട്രോളിംഗ് കുറഞ്ഞതോടെ പലയിടങ്ങളിലും മോഷണങ്ങളും വർദ്ധിച്ച് വരുന്നു.