ബേഡഡുക്കയെ വിറപ്പിച്ച രണ്ടാമത്തെ പുലിയും കൂട്ടിലായി
1537078
Thursday, March 27, 2025 7:37 AM IST
ബേഡകം (കാസർഗോഡ്): മൂന്നുമാസത്തിലധികമായി ബേഡഡുക്ക പഞ്ചായത്തിന്റെ ഉറക്കം കെടുത്തിയ രണ്ടാമത്തെ പുലിയും കൂട്ടിലായി. അഞ്ചു വയസുള്ള ആൺപുലിയാണ് കൊളത്തൂർ നിടുവോട്ടെ എം. ജനാർദനന്റെ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിൽ ഇന്നലെ പുലർച്ചെ കുടുങ്ങിയത്. കൂട്ടിനുള്ളിൽ പട്ടിയെ കെട്ടിയിട്ടാണ് പുലിക്ക് കെണിവച്ചത്.
കഴിഞ്ഞ ഫെബ്രുവരി 23ന് ഇതേ സ്ഥലത്തുവച്ചാണ് നാലുവയസുള്ള പെൺപുലി കൂട്ടിൽ കുടുങ്ങിയത്. സമീപപ്രദേശങ്ങളിൽ നിരവധി തവണ രണ്ടു പുലികളേയും ഒരുമിച്ചുകണ്ടിരുന്നു. കൂട്ടിൽ കുടുങ്ങിയ പെൺപുലിയെ കർണാടക അതിർത്തിയിലുള്ള വനത്തിൽ കൊണ്ടുപോയി വിടുകയായിരുന്നു. ഇതിനുശേഷം ഇണയെ അന്വേഷിച്ചെന്നോണം സമീപപ്രദേശങ്ങളിലെല്ലാം കറങ്ങിനടന്ന ആൺപുലി നാട്ടുകാർക്കാകെ ആശങ്കയായിരുന്നു. നേരത്തേ രണ്ടു പുലികളും തമ്പടിച്ചിരുന്ന നിടുവോട്ടെ സ്ഥലത്ത് തുടർന്നും ഈ പുലി എത്തുന്നുണ്ടെന്ന് കാമറ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതോടെയാണ് ഇവിടെ തന്നെ വീണ്ടും കൂട് സ്ഥാപിച്ചത്.
പെൺപുലി കുടുങ്ങുന്നതിന് തൊട്ടുമുമ്പ് സമീപസ്ഥലത്തുവച്ച് ഗുഹയിൽ കുടുങ്ങിയതും ഇപ്പോൾ പിടിയിലായ ആൺപുലി തന്നെയാണെന്നാണ് നിഗമനം. അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജനുമെത്തി മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം പയസ്വിനി പുഴയോരത്ത് അപൂർവയിനം ആമകളെ നിരീക്ഷിക്കാനായി സ്ഥാപിച്ച കാമറയിലുൾപ്പെടെ ഈ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ആദ്യത്തെ തവണ പുലി കുടുങ്ങിയപ്പോൾ രണ്ടായിരത്തോളം പേരായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്. അന്നു പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് പുലിയെ ഇവിടെനിന്നും മാറ്റിയത്. ഇന്നലെ വിവരമറിഞ്ഞ് അതിരാവിലെ തന്നെ സംഭവസ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് കൂടുതൽ ആൾക്കാരെത്തുന്നതിനു മുന്പേ പുലിയെ ഇവിടെനിന്നും മാറ്റി. ലോറിയിൽ കയറ്റി പള്ളത്തുങ്കാലിലെ വനംവകുപ്പ് ഓഫീസിന് മുന്നിലെത്തിച്ച പുലിയ കണ്ണൂരിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ.
ആദ്യം കുടുങ്ങിയ പുലിയെ തുറന്നുവിട്ടത് ജനവാസകേന്ദ്രങ്ങൾക്കു സമീപമാണെന്നാരോപിച്ച് പ്രതിഷേധമുയർന്നിരുന്ന സാഹചര്യത്തിൽ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി ആലോചിച്ചു മാത്രമേ പുലിയെ തുറന്നുവിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ബേഡഡുക്കയിലെ രണ്ടാമത്തെ പുലിയും കൂട്ടിലായെങ്കിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെ പുലിഭീതി മാറിയിട്ടില്ല. അയൽ പഞ്ചായത്തായ മുളിയാറിൽ കഴിഞ്ഞ ദിവസങ്ങളിലും വളർത്തുനായ്ക്കൾക്കുനേരെ പുലിയുടെ ആക്രമണമുണ്ടായിരുന്നു. പുല്ലൂർ-പെരിയ, കോടോം-ബേളൂർ, മടിക്കൈ പഞ്ചായത്തുകളിൽ മാറിമാറി ഇടയ്ക്കിടെ സാന്നിധ്യമറിയിക്കുന്നതും മറ്റൊരു പുലിയാണെന്നാണ് സൂചന.
പുലിയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി
കാസർഗോഡ്: ബേഡഡുക്ക കൊളത്തൂരിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുള്ളിപ്പുലിയെ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശാനുസരണമാണ് തീരുമാനം. കാസർഗോഡ് ജില്ലയിൽ പുലിയെ തുറന്നുവിടാൻ മാത്രം വ്യാപ്തിയുള്ള വനമില്ലെന്നതും പുലിയുടെ കാലിന് നേരിയ പരിക്കുണ്ടെന്നതുമാണ് മൃഗശാലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് കാരണമായത്.