ബിജെപി പ്രവര്‍ത്തകനുനേരേ വധശ്രമം ; പ്രതികളെ വെറുതെവിട്ടു
1537074
Thursday, March 27, 2025 7:37 AM IST
കാസര്‍ഗോഡ്: തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായ അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായിരുന്ന നാലുപേരെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു.
എസ്ഡിപിഐ പ്രവര്‍ത്തകരായ കാസര്‍ഗോഡ് പോലീസ് സ്റ്റേഷന് പരിധിയിലെ റഫീഖ്, ഹമീദ്, സാബിര്‍, അഷ്റഫ് എന്നിവരെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ. പ്രിയ വെറുതെ വിട്ടത്.
2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍ഗോഡ് മാലികാര്‍ജുന്‍ ക്ഷേത്രത്തിന് സമീപം ടിഎം റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈക്കിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്.
സംഭവസമയത്ത് ജ്യോതിഷിന്റെ ബൈക്കിന് പിന്നില്‍ ഉണ്ടായിരുന്നതായി പറയുന്ന സുഹൃത്ത് ഉള്‍പ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാല്‍, സംഭവം നടന്ന സ്ഥലത്തെ സാക്ഷിമൊഴികളിലെ വൈരുധ്യവും സംഭവം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലും പ്രതികളെ വെറുതെ വിടുകയാണെന്ന് കോടതി വിധി പ്രസ്താവിച്ചു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. വിനോദ്കുമാര്‍ ചാമ്പള, അഡ്വ. സാകിര്‍ അഹമ്മദ്, അഡ്വ. മുഹമ്മദ് റഫീഖ്, അഡ്വ. ശരണ്യ എന്നിവര്‍ ഹാജരായി.
കൊലക്കേസ് ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയായിരുന്ന ജ്യോതിഷിനെ പിന്നീട് 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തളങ്കരയിലെ സൈനുല്‍ ആബിദ്, ചൂരി ബട്ടംപാറയിലെ റിഷാദ് എന്നിവരുടെ കൊലപാതകം, സാബിത് വധഗൂഢാലോചന അടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്നു ജ്യോതിഷ്. ഇതിനു മുന്‍പ് 2013 ഫെബ്രുവരി അഞ്ചിന് നാലാംമൈലില്‍ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന മറ്റൊരു കേസില്‍ ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.