സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആത്മാർഥതയില്ലാത്തത്: കേരള മദ്യനിരോധനസമിതി
1537045
Thursday, March 27, 2025 7:12 AM IST
കാഞ്ഞങ്ങാട്: മയക്കുമരുന്നുകളുടെയും മറ്റു രാസലഹരികളുടെയും ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ലഹരിക്കെതിരെ പോരാടണമെന്ന് ആഹ്വാനം നടത്തുകയും ചെയ്യുന്നതിനൊപ്പം നാടെങ്ങും ബാറുകൾക്കും മദ്യവില്പനശാലകൾക്കും ലൈസൻസ് നൽകുകയും ചെയ്യുന്ന സർക്കാരിന്റെ നടപടി ആത്മാർഥതയില്ലാത്തതും തലതിരിഞ്ഞതുമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അധികാരമേല്ക്കുമ്പോൾ 29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് 856 ബാറുകളാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ഏതാനും മാസങ്ങൾ കൊണ്ട് മദ്യേതര ലഹരി വില്പന പൂർണമായും അമർച്ച ചെയ്യാൻ പ്രാപ്തരായ പോലീസും എക്സൈസും ആണ് സംസ്ഥാനത്തുള്ളത്.
പക്ഷേ അതിനു വേണ്ട ആത്മാർഥതയും ഇച്ഛാശക്തിയും ഭരിക്കുന്നവർക്കില്ലെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷനായി.
മഹിളാവേദി സംസ്ഥാന പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ, സംസ്ഥാന സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, രക്ഷാധികാരികളായ പ്രഭാകരൻ കരിച്ചേരി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ജില്ലാ പ്രസിഡന്റ് ജോസഫ് മുങ്ങാട്ടുചുണ്ടയിൽ, സെക്രട്ടറി രാമകൃഷ്ണൻ മോനാച്ച, വൈസ് പ്രസിഡന്റുമാരായ കെ.വി. രാഘവൻ, ലൂസി പുല്ലാട്ടുകാലായിൽ, മഹിളാവേദി ജില്ലാ പ്രസിഡന്റ് ടെസി സിബി കൈതയ്ക്കൽ, ജില്ലാ കോ-ഓർഡിനേറ്റർ ബേബി ചെട്ടിക്കാത്തോട്ടത്തിൽ, സംസ്ഥാന സമിതിയംഗങ്ങളായ പാച്ചേനി കൃഷ്ണൻ, ദേവസ്യ വടാന, ജില്ലാ ട്രഷറർ ജോസഫ് വടക്കേട്ട്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബി.എം. മുഹമ്മദ് കുഞ്ഞി, സി.എം. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.