കൈക്കൂലി: വില്ലേജ് ഓഫീസര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും
1537073
Thursday, March 27, 2025 7:37 AM IST
കാസര്‍ഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ വില്ലേജ് ഓഫീസര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും 40,000 പിഴയും ശിക്ഷ വിധിച്ചു. ആദൂര്‍ വില്ലേജ് വില്ലേജ് ഓഫീസര്‍ ആയിരുന്ന കെ. അനില്‍കുമാറിനെയാണ് തലശേരി വിജിലന്‍സ് കോടതി എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് (വിജിലന്‍സ്) കെ. രാമകൃഷ്ണന് ശിക്ഷിച്ചത്.
പരാതിക്കാരന്റെ പേരിലുള്ള സ്ഥലത്തിന്റെ സ്കെച്ച് അനുവദിക്കുന്നതിന് അനില്‍കുമാര്‍ 1500 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 2013 ഒക്ടോബര്‍ 23ന് ആദ്യഗഡുവായി 1000 രൂപ വില്ലേജ് ഓഫീസില്‍ വച്ച് കൈപ്പറ്റവേ കാസര്‍ഗോഡ് വിജിലന്‍സ് യൂണിറ്റ് കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഉഷാകുമാരി ഹാജരായി.