കാസര്‍ഗോഡ് വികസന പാക്കേജ് ; 70 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
1537047
Thursday, March 27, 2025 7:12 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് വികസന പാക്കേജിനായി 2023-24 സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ച 70 കോടി രൂപയുടെ 83 പദ്ധതികള്‍ക്കും ജില്ലാ ഭരണസ സംവിധാനം ഭരണാനുമതി നല്കി.
വിദ്യാഭ്യാസ മേഖലയില്‍ 1638.35 ലക്ഷം രൂപയുടെ 14 പദ്ധതികള്‍ക്കും കൃഷി മേഖലയില്‍ 263.05 ലക്ഷം രൂപയുടെ രണ്ട് പദ്ധതികള്‍ക്കും മൃഗസംരക്ഷണ മേഖലയില്‍ 256.19 ലക്ഷം രൂപയുടെ ഒരു പദ്ധതിക്കും കുടിവെള്ള മേഖലയില്‍ 59.90 ലക്ഷം രൂപയുടെ പദ്ധതിക്കും ഭരണാനുമതി ലഭിച്ചു.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനായി 3,76,84,000 രൂപയുടെ പദ്ധതിക്കും റോഡുകള്‍, പാലങ്ങള്‍ വിഭാഗത്തില്‍ 14,93,29,000 രൂപയുടെ നാലു പദ്ധതികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി 1.50 കോടി രൂപയുടെ പദ്ധതിക്കും സാമൂഹ്യക്ഷേമ വിഭാഗത്തില്‍ 10,56,32,000 രൂപയുടെ 54 സ്മാര്‍ട്ട് അങ്കണവാടികളുടെ കെട്ടിട നിര്‍മാണത്തിനുള്ള പദ്ധതികള്‍ക്കും ഭരണാനുമതി ലഭിച്ചു. കായിക മേഖലയില്‍ 5,77,50,000 രൂപയും ടൂറിസം മേഖലയില്‍ 4.99 കോടിയുടെ പദ്ധതിക്കും പൊതുജനസേവനം മെച്ചപ്പെടുത്തുന്നതിനായി 5,79,18,000 രൂപയുടെ രണ്ടുപദ്ധതിക്കുമാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.
ജില്ലയുടെ പൊതുവായ വികസനത്തിന് ഊന്നല്‍ നല്കുന്ന മേല്‍ പദ്ധതികള്‍ നിഷ്കര്‍ഷിച്ച പൂര്‍ത്തീകരണ കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
2024-25 സാമ്പത്തിക വര്‍ഷം കാസര്‍ഗോഡ് വികസന പാക്കേജില്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഉള്‍പ്പെടെ ആകെ 46 പദ്ധതികള്‍ പൂര്‍ത്തികരിച്ച് അതാതു വകുപ്പുകള്‍ക്ക് കൈമാറുവാന്‍ സാധിച്ചിട്ടുണ്ട്.
പൂര്‍ത്തികരിച്ചതും നടന്നുവരുന്നതുമായ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ച് നൂറുശതമാനം ചെലവ് നേട്ടം കൈവരിച്ചത് വഴി സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന് അറിയിച്ചു.
പൂര്‍ത്തീകരിച്ച 46 പദ്ധതികളില്‍ വിദ്യാഭ്യാസ മേഖലയില്‍ 12,6,6,000 രൂപയുടെ 11 പദ്ധതികളും, കൃഷി മേഖലയില്‍ 2,01, 87,000 ലക്ഷം രൂപയുടെ ഒരു പദ്ധതിയും മല്‍സ്യബന്ധന മേഖലയില്‍ 2.63 കോടിയുടെ രണ്ട് പദ്ധതികളും, ആരോഗ്യമേഖലയില്‍ 626 ലക്ഷം രൂപയുടെ മൂന്നുപദ്ധതികളും വ്യവസായ മേഖലയില്‍ 198 ലക്ഷം രൂപയുടെ ഒരു പദ്ധതിയും, ജലസേചന മേഖലയില്‍ 762.35 ലക്ഷം രൂപയുടെ പദ്ധതികളും, എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനായി 7,45, 80,000 രൂപയുടെ രണ്ടു പദ്ധതികളും, റോഡുകള്‍ പാലങ്ങള്‍ വിഭാഗത്തില്‍ 19,02,20,000 രൂപയുടെ രണ്ടു പദ്ധതികളും, സാമൂഹ്യനീതി വിഭാഗത്തില്‍ 14 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടനിര്‍മാണത്തിനായി 1,44,98,000 രൂപയുടെ പദ്ധതികളുമാണ് ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിച്ചത്.