പാലാവയൽ, ഏണിച്ചാൽ വാർഡുകളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1537167
Friday, March 28, 2025 12:53 AM IST
പാലാവയൽ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ, ഏണിച്ചാൽ വാർഡുകളെ സമ്പൂർണ മാലിന്യമുക്തവും വലിച്ചെറിയൽ മുക്തവുമായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് പാലാവയലിൽ ശുചിത്വറാലിയും പൊതുസമ്മേളനവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ശുചിത്വ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.എൻ. പ്രമോദ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മേഴ്സി മാണി, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ബാലചന്ദ്രൻ, തേജസ് ഷിന്റോ, സിന്ധു ടോമി, സോണിയ വേലായുധൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ. സ്റ്റാൻസി എന്നിവർ പ്രസംഗിച്ചു.
പാലാവായൽ ടൗണിൽ എല്ലാ ദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ജോസ് പ്രകാശ്, ജോയ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹരിതകർമസേനാംഗങ്ങളെയും കുടുബശ്രീ പ്രവർത്തകരെയും ശുചിത്വമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെയും സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു.