ആര്‍എഎച്ച്സി മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണം: നഗരസഭ ചെയര്മാന്
1537038
Thursday, March 27, 2025 7:12 AM IST
കാസര്‍ഗോഡ്: വര്‍ഷങ്ങളോളമായി കാസര്‍ഗോഡ് നഗരസഭയിലെ അണങ്കൂരില്‍ മൃഗാശുപത്രിയുടെ മുകള്‍ നിലയിലായി പ്രവര്‍ത്തിക്കുന്ന റീജണല്‍ ആനിമല്‍ ഹസ്ബെൻഡറി സെന്റര്‍ (ആര്‍എഎച്ച്സി) ഉദുമ മണ്ഡലത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനം റദ്ദു ചെയ്യണമെന്ന് കാസര്‍ഗോഡ് നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം മന്ത്രി ജെ. ചിഞ്ചുറാണിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഒരു മുന്നറിയിപ്പോ ജനപ്രതിനിധികളുമായി ചര്‍ച്ചയോ കൂടാതെയാണ് സെന്റര്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. തദ്ദേശ സ്ഥാപനങ്ങളില്‍ പശുക്കളുടെ വന്ധ്യത പരിശോധന ക്യാന്പുകള്‍, വിവിധ പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടങ്ങിയവ നടത്തുന്നത് റീജണല്‍ ആനിമല്‍ ഹസ്ബെൻഡറി സെന്റര്‍ വഴിയാണ്. കേന്ദ്രം മാറ്റിയാല്‍ ജനങ്ങള്‍ക്കും കാസര്‍ഗോട്, കാറഡുക്ക ബ്ലോക്കുകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മൃഗസംരക്ഷണ വിഭാഗത്തിലെ ആശുപത്രികള്‍ക്കും വെറ്ററിനറി ഡിസ്പെന്‍സറികള്‍ക്കും ഉപകേന്ദ്രങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ചെയര്മാന് കത്തില്‍ ചൂണ്ടിക്കാട്ടി.