പടന്നക്കാട് മേൽപ്പാലം-വെള്ളരിക്കുണ്ട് റോഡ്: സ്ഥലലഭ്യത ഉറപ്പാക്കിയാൽ ധനകാര്യ അംഗീകാരമെന്ന് മന്ത്രി
1536497
Wednesday, March 26, 2025 1:07 AM IST
വെളളരിക്കുണ്ട്: പടന്നക്കാട് മേൽപ്പാലം-വെള്ളരിക്കുണ്ട് റോഡിന് സ്ഥലം ലഭ്യത ഉറപ്പാക്കിയാൽ പദ്ധതിക്ക് ധനകാര്യ അംഗീകാരം നൽകുമെന്ന് ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം എന്നീ പഞ്ചായത്തുകൾ എന്നിവയെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധപ്പെടുത്തുന്ന പാതയ്ക്ക് 60 കോടി രൂപയുടെ ഭരണാനുമതി ഉള്ളതാണ്. റോഡ് ആരംഭിക്കുന്ന പടന്നക്കാട് ഭാഗത്ത് റോഡ് വികസനത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിൽ ഇതുവരെ സാധിച്ചിട്ടില്ല.
ബാക്കി ഭാഗങ്ങളിൽ ആവശ്യമായ ഭൂമി വിട്ടുനൽകുന്നതിന് മുമ്പുതന്നെ സമ്മതം നൽകിയതാണ്. പ്രസ്തുത പ്രവൃത്തിയുടെ ഒന്നാംഘട്ടമായി പുളിക്കാൽ പാലം, ആനപ്പെട്ടി പാലം, ബാനം പാലം എന്നിവയ്ക്ക് 9.37 കോടി രൂപയുടെ സാമ്പത്തിക അനുമതി നൽകുകയും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പുളിക്കാൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആനപ്പെട്ടി, ബാനം പാലങ്ങളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നതായും മന്ത്രി മറുപടി നൽകി.
റോഡ് പ്രവർത്തിയുടെ ആകെ എസ്റ്റിമേറ്റ് തുകയായ 92.57 കോടിയിൽ പാലം നിർമാണത്തിന്റെ തുക കഴിച്ച് ബാക്കി വരുന്ന 83.19 കോടി രൂപയുടെ റോഡ് പ്രവർത്തിക്കുള്ള ധനകാര്യ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുന്ന പക്ഷം പദ്ധതിക്ക് ധനകാര്യ അംഗീകാരം നൽകുമെന്ന് മന്ത്രി മറുപടി നൽകി.