അധ്യാപക നിയമനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയം: കെപിഎസ്ടിഎ
1537044
Thursday, March 27, 2025 7:12 AM IST
കാസര്‍ഗോഡ്: അധ്യാപക നിയമന കാര്യത്തില്‍ സുപ്രീംകോടതി വിധി വന്നിട്ടും എന്‍എസ്എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ മാത്രമേ അംഗീകരിക്കു എന്ന സര്‍ക്കാര്‍ ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇത്തരം നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്മായസമരപരിപാടികള് ഏറ്റെടുക്കുമെന്നും കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി അറിയിച്ചു.
ഭിന്നശേഷി നിയമനങ്ങളുടെ പേരില്‍ കേരളത്തിലെ വര്‍ഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം സുപ്രീംകോടതി വിശാല വിധി പ്രസ്താവിച്ചിട്ടും സര്‍ക്കാര്‍ സ്വാര്‍ഥതാത്പര്യങ്ങളുടെ പേരില്‍ അതു നടപ്പിലാക്കാന്‍ തയാറാകാത്തത് ന്യായീകരിക്കാന്‍ കഴിയില്ല. ആയിരക്കണക്കിന് അധ്യാപകര്‍ ആത്മഹത്യയുടെ വക്കിലാണ്. സാങ്കേതികത്വം പൂര്‍ണമായും നീങ്ങിയിട്ടും സര്‍ക്കാര്‍ മാത്രം അതിന് തയാറാകാത്തത് എയ്ഡഡ് വിദ്യഭ്യാസമേഖലയെ തകര്‍ക്കാനുള്ള നീക്കമായേ കാണാന്‍ സാധിക്കുകയുള്ളു.
ഹൈക്കോടതിയും ഇക്കാര്യത്തില്‍ അനുകൂലമായ വിധി പുറപ്പെടുവിച്ച സാഹചര്യം പരിഗണിച്ച് പൊതുവിദ്യഭ്യാസ മേഖലയോട് അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി കേരളത്തിലെ മുഴുവന്‍ അധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരം നല്കാന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
റവന്യൂ ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. ജി.കെ. ഗിരീഷ്, പി. ശശിധരന്, പ്രശാന്ത് കാനത്തൂര്‍, അലോഷ്യസ് ജോര്‍ജ്, എം.കെ. പ്രിയ, സ്വപ്ന ജോര്‍ജ്, പി. ജലജാക്ഷി, വി.കെ. പ്രഭാവതി, ടി. രാജേഷ്കുമാര്‍, സി.എം. വര്‍ഗീസ്, പി.കെ. ബിജു, കെ. സുഗതന്, ടി. മധുസൂദനന്, സി.കെ. അജിത, കെ.എ. ജോണ്‍, വിമല്‍ അടിയോടി, നികേഷ് മാടായി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണന് സ്വാഗതവും ട്രഷറര്‍ പി. ശ്രീജ നന്ദിയും പറഞ്ഞു.