‘സെന്റ്ഓഫി’നു ഹരിത മാതൃക
1537041
Thursday, March 27, 2025 7:12 AM IST
വെള്ളരിക്കുണ്ട്: പഠനം പൂർത്തിയാക്കി പിരിയുമ്പോൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് വിദ്യാർഥികളുടെ മാതൃക. വെള്ളരിക്കുണ്ട് എൽസിസി ട്യൂഷൻ സെന്ററിലെ പ്ലസ്ടു വിദ്യാർഥികളാണ് പുതിയ കാലത്ത് അതിരുവിട്ട ആഘോഷങ്ങളിലേക്ക് വഴിമാറുന്ന സെന്റ്ഓഫ് വേളയിൽ എന്നും നാടിന് ഓർത്തിരിക്കാവുന്ന മാതൃക സൃഷ്ടിച്ചത്.
പ്ലസ്ടു പഠനകാലത്തിന്റെ ചിരസ്മാരകമായി അവരവർ നട്ട ഫലവൃക്ഷത്തൈകൾക്കൊപ്പം അതത് വിദ്യാർഥികളുടെ പേരും എഴുതിവച്ചു. മാവ്, പേര, ചാമ്പ, പ്ലാവ്, അമ്പഴം എന്നീ ഫലവൃക്ഷത്തൈകളും വിവിധ പൂച്ചെടികളുമാണ് നട്ടത്. സന്നദ്ധ കൂട്ടായ്മയായ ഹരിതം വെള്ളരിക്കുണ്ടിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.ആർ. വിനു, പിടിഎ പ്രസിഡന്റ് ബാബു കല്ലറയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ. വി. ഷിനിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.