പറവകൾക്ക് കുടിനീർ ഒരുക്കി
1535967
Monday, March 24, 2025 2:01 AM IST
റാണിപുരം: ലോക ജലദിനത്തിന്റെ ഭാഗമായി വനംവകുപ്പും റാണിപുരം വന സംരക്ഷണ സമിതിയും ചേർന്ന് കാട്ടിലെ പറവകൾക്ക് കുടിനീരൊരുക്കി. ഒരിത്തിരി തണ്ണീർ സാന്ത്വനം പറവകൾക്ക് എന്നു പേരിട്ട പരിപാടിയോടനുബന്ധിച്ച് റാണിപുരത്തും പരിസരപ്രദേശങ്ങളായ അച്ചമ്പാറ, വാഴക്കോൽ, കുണ്ടുപ്പള്ളി തുടങ്ങിയ സ്ഥങ്ങളിലുമാണ് പറവകൾക്കായി കുടി നീരൊരുക്കിയത്. രണ്ടുലിറ്ററോളം ജലം സംഭരിക്കാൻ കഴിയുന്ന 25ൽ പരം മുളകൾ കൊണ്ടുണ്ടാക്കിയ കുടിനീർ പാത്രങ്ങളാണ് ഇതിനായി തയ്യാറാക്കിയത്.
ഇതിൽ മഴ എത്തുന്നത് വരെ കൃത്യമായി ജലം നിറക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ശേഷം മഴവെളളം കെട്ടികിടക്കാതിരിക്കാൻ എല്ലാ മുളന്തണ്ടുകളും എടുത്തു മാറ്റും. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ ഉദ്ഘാടനം ചെയ്തു.
വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ അധ്യക്ഷതവഹിച്ചു. സെക്ഷൻ ഫോറസ്റ്റർ ബി.ശേഷപ്പ, വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയ്, സെക്രട്ടറി ഡി.വിമൽരാജ്, ട്രഷറർ എം.കെ.സുരേഷ്, എക്സിക്യൂട്ടിവ് കമ്മറ്റിയംഗം എം.ബാലു എന്നിവർ പ്രസംഗിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ, വി.വിനീത്, കെ.രതീഷ്, ജി.എസ്. പ്രവീൺ വിഎസ്എസ് എക്സിക്യൂട്ടീവ് അംഗം കെ.ഹരികുമാർ, എം.എസ്. സുമേഷ് കുമാർ, സി.എങ്കാപ്പു, എം.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.