പാമത്തട്ടിൽ വീണ്ടും ക്വാറിക്കായി നീക്കങ്ങൾ
1535962
Monday, March 24, 2025 2:01 AM IST
കൊന്നക്കാട്: നിരവധി കാരണങ്ങളാൽ പാരിസ്ഥിതികാനുമതി നിഷേധിക്കപ്പെട്ട പാമത്തട്ടിലെ നിർദ്ദിഷ്ഠ കരിങ്കൽ ക്വാറിക്ക് വീണ്ടും അനുമതിക്കായുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. 2018-ൽ പാരിസ്ഥിതികാനുമതി ലഭിച്ച ക്വാറിക്ക് പ്രവർത്തനമാരംഭിക്കാൻ കഴിയാതെ പോയത് ശക്തമായ ബഹുജനപ്രക്ഷോഭത്തെത്തുടർന്ന് എക്സ്പ്ലോസീവ് ലൈസൻസിനുള്ള എൻഒസി മൂന്നുതവണ കലക്ടർ നിഷേധിച്ചതിനെ തുടർന്നാണ്.
എന്നാൽ അതിനെ മറിക്കടക്കാൻ നിയമത്തിലെ ഒരു പ്രത്യേക വ്യവസ്ഥയനുസരിച്ച് മൂവാറ്റുപുഴക്കടുത്തുള്ള ഒരു ക്വാറിയുടെ എക്സ്പ്ലോസീവ് ലൈസൻസിന്റെ മറപിടിച്ച് ശ്രമം നടത്തിയപ്പോൾ അതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ച് കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി നൽകിയ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടയിൽ 2018ൽ ലഭിച്ച പാരിസ്ഥിതികാനുമതിയുടെ കാലാവധി തീർന്നതിനാലും ജില്ലാ തല സംവിധാനത്തിലൂടെ പാരിസ്ഥിതികാനുമതി ലഭിച്ച് പ്രവർത്തനമാരംഭിക്കാത്ത ക്വാറികളുടെ പാരിസ്ഥിതികാനുമതി പുനഃപരിശേധനയ്ക്ക് വിധേയമാക്കണമെന്ന കോടതി വിധി വന്നതിനാലും പാമത്തട്ടിൽ ആരംഭിക്കാനിരുന്ന ക്വാറിക്ക് വേണ്ടി വീണ്ടും സംരംഭകന് അപേക്ഷ സമർപ്പിക്കേണ്ടിവന്നു. പ്രസ്തുത അപേക്ഷ പരിഗണിച്ച സംസ്ഥാന പാരിസ്ഥിതിക ആഘാത നിർണയ സമിതി 19 കാരണങ്ങൾ നിരത്തി പാരിസ്ഥിതികാനുമതി നിഷേധിക്കയുണ്ടായി.
എന്നാലിപ്പോൾ മുമ്പ് പാരിസ്ഥിതികാനുമതി നിഷേധിക്കപ്പെട്ട സ്ഥലത്തു നിന്ന് 100 മീറ്റർ മാറി പുതിയ പ്ലാനും അപേക്ഷയും നൽകി പാരിസ്ഥിതികാനുമതിക്ക് ശ്രമിക്കയാണ്. ദുരന്തസാധ്യത മുൻനിർത്തിയുള്ള കാരണങ്ങൾ നിരത്തി അനുമതി നിഷേധിച്ച ക്വാറിക്ക് കേവലം100 മീറ്റർ മാറിയുള്ള മറ്റൊരു പ്ലോട്ടിൽ അനുമതി ലഭിക്കാനുള്ള നീക്കം സർക്കാർ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്.
ഇതിനെതിരെ കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി തഹസിൽദാർക്കും മറ്റ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. വീണ്ടും ക്വാറിക്ക് അനുമതി നൽകിയാൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി തയ്യാറെടുക്കുകയാണെന്ന് ചെയർമാൻ ജിജോ പി.മാനുവൽ പറഞ്ഞു.