അടച്ചുപൂട്ടാനൊരുങ്ങി ആനിമല്‍ ഹസ്ബന്‍ഡറി സെന്റർ
1536489
Wednesday, March 26, 2025 1:07 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ അഞ്ചുപതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന റീജണല്‍ ആനിമല്‍ ഹസ്ബന്‍ഡറി സെന്റര്‍ (ആര്‍എഎച്ച്സി) നിര്‍ത്തലാക്കാന്‍ നീക്കം. കൊളത്തൂരില്‍ സര്‍ക്കാര്‍ ആട് ഫാം തുടങ്ങുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ ഇവിടേയ്ക്ക് മാറ്റുന്നത്. പുതിയ തസ്തിക അനുവദിക്കുന്നത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാല്‍ കാസര്‍ഗോഡ് ആര്എച്ച്സിയിലെ അസി. പ്രോജക്ട് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍ എന്നീ തസ്തികകള്‍ ഇവിടേക്ക് പുനര്‍വിന്യസിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ജീവനക്കാരില്ലാതെ കാസര്‍ഗോട്ടെ സെന്റര്‍ അടച്ചുപൂട്ടേണ്ടിവരും.
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പുകള്‍, വിവിധ പ്രതിരോധ കുത്തിവയ്പ്പുകളും നടത്തുന്നതിനുമായി അണങ്കൂര്‍ നെല്‍ക്കളയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓഫീസാണിത്. ജില്ലാ ആസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്രം മറ്റൊരു അസംബ്ലി മണ്ഡലത്തിലേക്ക് മാറ്റുന്നതുമൂലം മഞ്ചശ്വരം, കാസര്‍ഗോഡ്, കാറഡുക്ക തുടങ്ങിയ ബ്ലോക്കുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മൃഗസംരക്ഷണ വിഭാഗത്തിലെ ആശുപത്രികള്‍ക്കും വെറ്ററിനറി ഡിസ്പെന്‍സറികള്‍ക്കും ഉപകേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടിയായി മാറും.
അസി. പ്രോജക്ട് ഓഫീസര്‍, രണ്ടു ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍, ഒരു ഓഫീസ് ക്ലര്‍ക്ക്, ഒരു ടൈപ്പിസ്റ്റ്, ഒരു അറ്റന്‍ഡര്‍, ഒരു ഡ്രൈവര്‍, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍, ഒരു നൈറ്റ് വാച്ച്മാന് എന്നിവരാണ് കാസര്‍ഗോഡ് ആര്എഎച്ച്സിയിലുള്ളത്. ജില്ലയില്‍ കാഞ്ഞങ്ങാട് നഗരപരിധിയില്‍ മറ്റൊരു ആര്‍എഎച്ച്സി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
തൊട്ടടുത്ത ഉദുമ മണ്ഡലത്തിലേക്ക് കാസര്‍ഗോട്ടെ കേന്ദ്രം പറിച്ചുനടാനുള്ള നീക്കം ജില്ലയിലെ വടക്കന്‍ മേഖലയിലെ ബ്ലോക്കുകളിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുമെന്ന് കാസര്‍ഗോഡ് മുനിസിപ്പാലിറ്റി ബിജെപി കൗണ്‍സിലര്‍ പി. രമേശ് പറഞ്ഞു.
സര്‍ക്കാര്‍ അധിക
തസ്തിക സൃഷ്ടിക്കണം: എഎഎച്ച്എഫ്ഒ
സര്‍ക്കാര്‍ ആട് ഫാം തുടങ്ങാനുള്ള നീക്കം സ്വാഗതാര്‍ഹമാണെങ്കിലും ഇതിനായി കാസര്‍ഗോഡ് ആര്‍എച്ച്സി നിര്ത്തലാക്കിജവനക്കാരെ പുനര്‍വിന്യസിക്കാനുള്ള നടപടിയില്‍ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് അസോസിയേഷന് ഓഫ് ആനിമല്‍ ഹസ്ബന്‍ഡറി ഫീല്‍ഡ് ഓഫീസേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനു പകരം നിര്‍ത്തലാക്കുന്നത് ഗുണം ചെയ്യില്ലെന്നും ആട് ഫാമിന് ആവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ജനറല്‍ സെക്രട്ടറി എം. സുനില്‍കുമാര്‍ പറഞ്ഞു.