പെരിയയിൽ വീണ്ടും പുലിയിറങ്ങി
1536332
Tuesday, March 25, 2025 7:25 AM IST
പെരിയ: ദിവസങ്ങൾക്കുശേഷം പുല്ലൂർ-പെരിയ പഞ്ചായത്തിൽ വീണ്ടും പുലിയിറങ്ങി. തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം നാട്ടുകാർ പുലിയെ കണ്ടത്. തൊടുപ്പനത്തെ ടി.വി.കുഞ്ഞമ്പു പുലർച്ചെ കൃഷിയിടത്തിൽ വെള്ളം നനയ്ക്കാനായി ഇറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്. ഞൊടിയിടയിൽ പുലി സമീപത്തെ കുന്നിൻചെരിവിലേക്ക് ഓടിമറയുകയായിരുന്നു.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ശേഷപ്പയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തൊട്ടടുത്ത് പുലിയുടെ ഒളിയിടമെന്നു സംശയിക്കുന്ന ഗുഹയ്ക്ക് സമീപം കാമറ സ്ഥാപിച്ചു. ഇതുവഴി പുലി പതിവായി ഇവിടെ എത്തുന്നുണ്ടെന്നുറപ്പിച്ചാൽ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.