കള്ളാർ പഞ്ചായത്ത് ബജറ്റിൽ സമ്പൂർണ പാർപ്പിട പദ്ധതിക്ക് 11 കോടി
1536323
Tuesday, March 25, 2025 7:25 AM IST
രാജപുരം: കള്ളാർ പഞ്ചായത്ത് ബജറ്റിൽ സമ്പൂർണ പാർപ്പിട പദ്ധതിക്ക് 11 കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് 24 ലക്ഷവും സ്ത്രീ സൗഹൃദ ഗ്രാമം പദ്ധതിക്ക് 21 ലക്ഷവും വയോജനങ്ങൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളിലെ പശ്ചാത്തല സൗകര്യ വികസനത്തിന് 3.5 കോടി, കുടിവെള്ള പദ്ധതികൾക്ക് 23 ലക്ഷം, ശുചിത്വ മേഖലയ്ക്ക് 23 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് ഏഴു ലക്ഷം എന്നിങ്ങനെയാണ് മറ്റു പ്രധാന വിഹിതങ്ങൾ. ആകെ 32,36,77,863 രൂപ വരവും, 32,00,25,563 രൂപ ചെലവും 36,52,300 രൂപ മിച്ചവുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.രേഖ, പി.ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ഗോപി, സന്തോഷ് വി.ചാക്കോ, പി.ഗീത, പഞ്ചായത്തംഗങ്ങളായ മിനി ഫിലിപ്പ്, എം.കൃഷ്ണകുമാർ, അസുത്രണ സമിതി ഉപാധ്യക്ഷൻ വി.കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ, അസി. സെക്രട്ടറി കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.