സംസ്ഥാന-അന്തര്‍സംസ്ഥാന പാതകളുടെ നവീകരണം: 61 കോടിയുടെ ഭരണാനുമതി
1536493
Wednesday, March 26, 2025 1:07 AM IST
ഉദുമ: ജില്ലയിലെ പ്രധാന പാതകളായ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയുടെയും കാസര്‍ഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെയും നവീകരണ പ്രവൃത്തിക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് ധനവകുപ്പില്‍ സമര്‍പ്പിച്ച 61 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. പ്രസ്തുത റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് ഉടന്‍ സാങ്കേതികാനുമതി നല്കി ടെണ്ടര്‍ നടപടികള്‍ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും.
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഒപിബിആര്‍സി (ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട്സ്) സ്കീമില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങിയതാണ്. ഈ സ്കീം അനുസരിച്ച് ഏഴുവര്‍ഷം വരെ കരാര്‍ എടുത്ത കമ്പനി തന്നെ റോഡ് മെയ്ന്റനന്‍സ് ഉള്‍പ്പെടെ നടത്തണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. മാത്രമല്ല കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ റോഡുകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ തിരിച്ചാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഒരു കമ്പനിയും ടെണ്ടര്‍ ക്വോട്ട് ചെയ്യാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പ്രസ്തുത സ്കീം തന്നെ ഉപേക്ഷിക്കുകയും പകരം ബിസി ഓവര്‍ലെ ചെയ്യുന്നതിന് വകുപ്പ് അംഗീകാരം നല്‍കുകയും ചെയ്തു.
ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ മലയോരഹൈവേ വികസനവുമായി ബന്ധപ്പെട്ട് നവീകരിച്ച ആറു കിലോമീറ്ററും പൊതുമരാമത്ത് വകുപ്പിന്റെ മെയ്ന്റനന്‍സ് ഗ്രാൻഡ് ഉപയോഗിച്ച് ബിസി ഓവര്‍ലേ ചെയ്ത 10 കിലോമീറ്ററും ഒഴികെയുള്ള ബാക്കി 23 കിലോമീറ്റര്‍ റോഡ് 23 കോടി രൂപ ചെലവിലും കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ 27.780 കിലോമീറ്റര്‍ റോഡ് 38 കോടി രൂപ ചിലവിലും ബിസി ഓവര്‍ലേ ചെയ്ത് നവീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചതെന്നും എംഎല്‍എ അറിയിച്ചു.