വനപാതകളും പാലങ്ങളും ഒറ്റ പദ്ധതിയായി പൂർത്തിയാക്കും: പൊതുമരാമത്ത് മന്ത്രി
1536496
Wednesday, March 26, 2025 1:07 AM IST
കുറ്റിക്കോൽ: മലയോര ഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗവും പള്ളഞ്ചി, കാവുങ്കാൽ പാലങ്ങളും സമീപനറോഡുകളും ഒറ്റ പദ്ധതിയായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയുടെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു.
24 കിലോമീറ്റർ വരുന്ന റോഡിന്റെ 3.95 കിലോമീറ്റർ ഭാഗമാണ് വനഭൂമിയിലൂടെ കടന്നുപോകുന്നത്. ഇതിനു പകരമായി വനംവകുപ്പിന് കൈമാറാൻ 4.33 ഹെക്ടർ റവന്യൂ ഭൂമി മാലോം വില്ലേജിൽ കോട്ടഞ്ചേരി വനമേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി വനംവകുപ്പിന് കൈമാറാൻ അനുമതി നല്കി ഫെബ്രുവരി ഏഴിന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇതിന് വനംവകുപ്പിന്റെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഇത് സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കെആർഎഫ്ബി പിഎംയു പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വനഭൂമി ലഭ്യമായതിനുശേഷം ഈ ഭാഗങ്ങളിലെ റോഡ് നിർമാണ പ്രവൃത്തിയും പള്ളഞ്ചി ഒന്ന്, രണ്ട്, കാവുങ്കാൽ പാലങ്ങളുടെയും സമീപനറോഡുകളുടെയും നിർമാണവും ഒറ്റ പദ്ധതിയായി നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
കാവുങ്കൽ പാലത്തിന്റെയും സമീപന റോഡിന്റെയും പരിഷ്കരിച്ച അലൈൻമെന്റ്, പാലത്തിന്റെ പ്രാഥമിക രൂപകല്പന എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗം തയാറാക്കിയിട്ടുണ്ട്. പ്രവൃത്തിയുടെ ഡിപിആർ തയാറാക്കി വരികയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
വനഭൂമി വിട്ടുകിട്ടിയിട്ടും പണി തുടങ്ങാതെ
കോളിച്ചാൽ-ചെറുപുഴ റീച്ച്
ചിറ്റാരിക്കാൽ: മലയോരഹൈവേയുടെ കോളിച്ചാൽ-ചെറുപുഴ റീച്ചിൽ വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളുടെ വികസനത്തിനായി വനഭൂമി വിട്ടുകിട്ടിയിട്ട് രണ്ടുവർഷത്തിലധികമായിട്ടും പണി തുടങ്ങിയില്ല. മരുതോം, കാറ്റാംകവല ഭാഗങ്ങളിലാണ് വനഭൂമി വിട്ടുകിട്ടിയിട്ടും ഹൈവേയുടെ നിർമാണം തുടങ്ങാത്തത്. ചെറിയ ദൂരം മാത്രമായതിനാൽ പകരം ഭൂമി വിട്ടുകൊടുക്കാതെ വനംവകുപ്പിന് പണം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്.
വിട്ടുതന്ന ഭൂമിയിലെ മരങ്ങളെല്ലാം വനംവകുപ്പ് തന്നെ മുറിച്ചുനീക്കുകയും ചെയ്തു. എന്നാൽ, ഹൈവേ നിർമാണത്തിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഇതിനകം തങ്ങളുടെ കരാർ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി ഈ സ്ഥലങ്ങളിലെ പ്രവൃത്തി ഏറ്റെടുക്കാതെ പിന്മാറുകയായിരുന്നു. ഈ സ്ഥലങ്ങളിലെ പ്രവൃത്തികൾക്കായി പുതിയ എസ്റ്റിമേറ്റ് തയാറാക്കണമെന്നായിരുന്നു അവർ മുന്നോട്ടുവച്ച ആവശ്യം. ഇനി മിക്കവാറും എടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ ബാക്കിയുള്ള പ്രവൃത്തികൾക്കൊപ്പം മാത്രമേ ഈ സ്ഥലങ്ങളിലെ പ്രവൃത്തികൾക്കുകൂടി പുതിയ എസ്റ്റിമേറ്റ് തയാറാക്കി കരാർ നല്കാൻ സാധ്യതയുള്ളൂ.
മരുതോം, കാറ്റാംകവല ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞുകിടന്ന പഴയ റോഡുകളുടെ അറ്റകുറ്റപ്പണിയും കോൺക്രീറ്റിംഗും പ്രത്യേക ടെൻഡർ വിളിച്ച് നടത്തിയതുമാത്രമാണ് തത്കാലത്തെ ആശ്വാസം. എടപ്പറമ്പ്-കോളിച്ചാൽ റീച്ചിലും ഇത്തരത്തിൽ പഴയ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.