സ്വയരക്ഷയ്ക്കായി വന്യമൃഗങ്ങളെ കൊല്ലാൻ കർഷകർക്ക് അനുമതി നല്കണം: കേരള കോൺഗ്രസ് -എം
1534971
Friday, March 21, 2025 2:01 AM IST
വെള്ളരിക്കുണ്ട്: വനപാലകർക്കെന്നപോലെ മലയോരമേഖലയിലെ കർഷകർക്കും സ്വയരക്ഷയ്ക്കായി വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതിയുണ്ടാകണമെന്ന് കേരള കോൺഗ്രസ് -എം ഹൈപവർ കമ്മിറ്റി അംഗം ജോയ്സ് പുത്തൻപുര ആവശ്യപ്പെട്ടു. സ്വന്തം ജീവൻ രക്ഷിക്കാനാണെങ്കിൽപോലും വന്യമൃഗങ്ങളെ കൊല്ലേണ്ടിവരുന്ന കർഷകർക്ക് ജയിൽവാസവും പിഴയും അനുഭവിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ നയിച്ച മലയോര ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗവൺമെന്റ് കർഷകരുടെ രക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1972 ലെ കേന്ദ്ര വന നിയമം ഭേദഗതി ചെയ്യണമെന്നും കർഷകരുടെ രക്ഷയ്ക്കായുള്ള സമരത്തിൽ കേരള കോൺഗ്രസ് പാർട്ടി എന്നും മുൻപന്തിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻതോട്ടം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജില്ലാ സെക്രട്ടറിമാരായ ബിജു തുളുശേരി, ഷിനോജ് ചാക്കോ, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നെടിയകാലാ, സിജി കട്ടക്കയം, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, ജോസ് ചെന്നക്കാട്ട് കുന്നേൽ, ചെറിയാൻ മടുകാങ്കൽ, ടിമ്മി എലിപുലിക്കാട്ട്, ബേബി പന്തല്ലൂർ, മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, സാജു പാമ്പയ്ക്കൽ, ടോമി ഈഴറേട്ട്, ടി.പി. തമ്പാൻ, ചന്ദ്രൻ വിളയിൽ, ജയിംസ് മാരൂർ, തങ്കച്ചൻ വടക്കേമുറി, ജോയി തടത്തിൽ, സണ്ണി പതിനെട്ടിൽ, ജോസ് പുതുശേരികാലായിൽ, ടോമി വാഴപ്പള്ളി, ജോസ് പേണ്ടാനത്ത് എന്നിവർ പ്രസംഗിച്ചു.