കവുങ്ങ് കര്‍ഷകരുടെ പ്രതിസന്ധി പഠിക്കാന്‍ വിദഗ്ധസംഘത്തെ രൂപീകരിക്കും: കൃഷിമന്ത്രി
1536495
Wednesday, March 26, 2025 1:07 AM IST
കാസര്‍ഗോഡ്: അടയ്ക്ക ഉത്പാദനത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ ജില്ലയിലെ കവുങ്ങ് കൃഷി മേഖലയില്‍ വ്യാപകമായി ബാധിക്കുന്ന മഞ്ഞളിപ്പ്, മഹാളി, ഇലപ്പുള്ളി രോഗങ്ങളെ പഠിക്കാന്‍ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന് കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകരുടെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക ആവശ്യപ്രകാരം തിരുവനന്തപുരം നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കവുങ്ങ് കൃഷി മേഖലയിലെ നാശനഷ്ട കണക്ക് ശേഖരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സാധ്യതകള്‍ പരിശോധിക്കും. കേര പദ്ധതി മുഖേനയും സാധ്യമായ പ്രവര്‍ത്തനങ്ങള്‍ കവുങ്ങ് കൃഷി മേഖലയില്‍ നടപ്പിലാക്കും. കാലാവസ്ഥാധിഷ്ഠിത ഇന്‍ഷ്വറന്‍സ് പദ്ധതി സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്നും പദ്ധതി ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാകത്തക്ക വിധം ഫീല്‍ഡ് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കവുങ്ങ് കര്‍ഷകരുടെ കടബാധ്യതയും വായ്പാ തിരിച്ചടവ് കാലാവധിയും സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മറ്റിയുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കുമിള്‍ രോഗമായ ഇലപ്പുള്ളി രോഗം ആരംഭത്തില്‍ തന്നെ നിയന്ത്രണവിധേയമാക്കുന്നതിനു കാര്‍ബണ്‍ ഫൈബര്‍ പോള്‍ സ്പ്ര പോലുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രോഗത്തെ നിയന്ത്രണ വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് സിപിസിആര്‍ഐ പ്ലാന്റ് പ്രൊട്ടക്ഷന്‍ മേധാവി ഡോ. വിനായക ഹെഗ്ഡെ അറിയിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ ഇടപെടലുകളെപ്പറ്റി കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റഷന്‍ ഡോ. ജേക്കബ് ജോണ്‍ സംസാരിച്ചു.
സാങ്കേതികവിദ്യകളുടെ മുന്‍നിര പ്രദര്‍ശന സൗകര്യം ഫീല്‍ഡ് തലത്തില്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തില്‍ എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ് എന്നിവരും കൃഷി ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, കാഞ്ഞങ്ങാട് സബ് കളക്ടര്‍ പ്രതീക് ജെയിന് എന്നിവരും പങ്കെടുത്തു.