സര്‍ക്കാര്‍ മാനദണ്ഡം സ്പെഷല്‍ സ്കൂളുകളെ പ്രതിസന്ധിയിലാക്കുന്നു: പെയ്ഡ്
1536324
Tuesday, March 25, 2025 7:25 AM IST
കാഞ്ഞങ്ങാട്: സ്പെഷല്‍ സ്കൂളുകളില്‍ 18 വയസിന് താഴെയുളള 20 കുട്ടികള്‍ വേണമെന്ന നിബന്ധന അപ്രായോഗികമാണെന്നും ഇത്തരം പുതിയ മാനദണ്ഡങ്ങള്‍ സ്പെഷല്‍ സ്കൂളുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും പെയ്ഡ് (പാരന്റ്സ് അസോസിയേഷന് ഫോര്‍ ഇന്റലക്ഷ്വലി ഡിസേബ്ള്‍ഡ്) വാര്‍ഷിക പൊതുയോഗം ആരോപിച്ചു. 18 വയസ് കഴിഞ്ഞ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ആനന്ദാശ്രമം റോട്ടറി സ്പെഷല്‍ സ്കൂളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.എം.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി.മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു. സുബൈര്‍ നീലേശ്വരം, എ.ടി.ജേക്കബ്, സിസ്റ്റര്‍ ജിസ് മരിയ, ബീന സുകു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ടി.മുഹമ്മദ് അസ്ലം (പ്രസിഡന്റ്), എ.ടി.ജേക്കബ് (ജനറല്‍ സെക്രട്ടറി), സുബൈര്‍ നീലേശ്വരം (ട്രഷറര്‍), സോജന് മാത്യു, ഷെമീമ ബദിയടുക്ക (വൈസ്പ്രസിഡന്റുമാര്‍), കൊട്ടന്‍കുഞ്ഞി കൊളവയല്‍, മേരിക്കുട്ടി ചിറ്റാരിക്കാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ബീന സുകു, സിസ്റ്റര്‍ ജിസ്മരിയ (കോഓര്‍ഡിനേറ്റര്‍മാര്‍).