നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ മേൽപ്പാലം: കൂടുതൽ സ്പാനുകൾ വേണമെന്ന് ആവശ്യം
1535824
Sunday, March 23, 2025 7:43 AM IST
നീലേശ്വരം: പൂർണമായ മേൽപ്പാലം അനുവദിക്കപ്പെടാതെ പോയ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ഇപ്പോൾ നിർമാണത്തിലിരിക്കുന്ന അടിപ്പാതയ്ക്ക് രണ്ടു സ്പാനുകളെങ്കിലും കൂടുതലായി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഒറ്റ സ്പാനിൽ 25 മീറ്റർ വീതിയിലുള്ള അടിപ്പാത മാത്രമാണ് ഇവിടെ നിർമിക്കുന്നത്. തിരക്കേറിയ നഗരത്തിൽ ഇതു സ്ഥിരം ഗതാഗതക്കുരുക്കിന് വഴിവയ്ക്കുമെന്നാണ് ആശങ്ക.
കാഞ്ഞങ്ങാട് സൗത്ത്, മാവുങ്കാൽ എന്നിവിടങ്ങളിൽ കൂടുതൽ സ്പാനുകളുള്ള അടിപ്പാത അനുവദിച്ചതുപോലെ നീലേശ്വരത്തും അനുവദിക്കണമെന്നാണ് ആവശ്യം. ഇങ്ങനെയായാൽ ഒരേസമയം കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുങ്ങും. നീലേശ്വരം പോലീസ് സ്റ്റേഷനു മുന്നിൽ നിർമിക്കുന്ന അടിപ്പാതയുടെ ഒരു സ്പാനിന്റെ നിർമാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയായാലുടൻ ബാക്കിയുള്ള ഭാഗം മണ്ണിട്ടുയർത്താനാണ് ഇപ്പോഴത്തെ നീക്കം. ഇതിനു പകരം നാല് തൂണുകളെങ്കിലും കൂടുതലായി നിർമിച്ച് സ്പാനുകളുടെ എണ്ണം മൂന്നായി ഉയർത്തണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും നഗരസഭാ അധികൃതരും വിവിധ സംഘടനകളും ദേശീയപാതാ അതോറിറ്റിക്ക് കത്തുനല്കിയിട്ടുണ്ട്. ദേശീയപാത റീജണൽ ഓഫീസർക്കും ഇതുമായി ബന്ധപ്പെട്ട് കത്ത് നല്കിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഓഫീസ് അറിയിച്ചു. അമ്പലപ്പുഴയിൽ നേരത്തേ ഒരു സ്പാൻ മാത്രമുണ്ടായിരുന്ന അടിപ്പാതയ്ക്ക് കെ.സി.വേണുഗോപാൽ എംപിയുടെയും വിവിധ സംഘടനകളുടെയും ഇടപെടലിനെ തുടർന്ന് കൂടുതൽ സ്പാനുകൾ അനുവദിച്ച കാര്യവും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം ഇക്കാര്യത്തിൽ തീരുമാനങ്ങളെന്തെങ്കിലും ഉണ്ടാകുന്നതിനുമുമ്പ് മണ്ണിട്ടുയർത്തൽ തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.