പുലിയൊഴിയാതെ മുളിയാർ; വീണ്ടും വളർത്തുനായയെ പിടിച്ചു
1536491
Wednesday, March 26, 2025 1:07 AM IST
ഇരിയണ്ണി: മുളിയാർ പഞ്ചായത്തിൽ നേരമിരുട്ടിയാൽ പുലിയൊഴിയുന്നില്ല. ഇന്നലെ പുലർച്ചെ ബേപ്പിലെ ഉദയന്റെ വീട്ടുമുറ്റത്തെത്തിയ പുലി പുറത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചു. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോഴാണ് പുലി നായയെ കടിച്ചുകൊണ്ടുപോകുന്നത് കണ്ടത്.
തിങ്കളാഴ്ച പുലർച്ചെ ഇരിയണ്ണി തീയടുക്കത്ത് റബർ ടാപ്പിംഗ് നടത്തുകയായിരുന്ന മാലോം വള്ളിക്കടവ് സ്വദേശി ജ്യോതിഷ് പുലിയുടെ മുന്നിൽ പെട്ടിരുന്നു. പുലർച്ചെ നാലിന് തീയടുക്കത്തെ സുകുമാരന്റെ തോട്ടത്തിൽ റബർ വെട്ടുന്നതിനിടെ സമീപത്ത് എന്തോ കാട്ടുമൃഗം നടന്നുവരുന്നതിന്റെ ശബ്ദം കേൾക്കുകയായിരുന്നു.
പന്നിയാകുമെന്ന് കരുതി കല്ലെടുത്തെറിഞ്ഞതിനു പിന്നാലെയാണ് പുലിയെ കണ്ടത്. തുടർന്ന് ടാപ്പിംഗ് കത്തി പുലിക്കുനേരെ എറിഞ്ഞ് അല്പമകലെയുള്ള ഷെഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കത്തി ദേഹത്ത് കൊണ്ടില്ലെങ്കിലും പുലി മറ്റൊരു വഴിക്ക് ഓടിമറയുകയായിരുന്നു. തോട്ടം ഉടമ സുകുമാരന്റെ വളർത്തുനായയെയും അടുത്തിടെ പുലി പിടിച്ചിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇരിയണ്ണി ബേപ്പ് തായത്തുമൂലയിലെ കെ.വി. നാരായണന്റെ വളർത്തുനായയെയും കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. വീടിനു പുറത്ത് ചങ്ങലയിൽ കെട്ടിയിരുന്ന നായയുടെ തലയും കാലിന്റെ ഒരു ഭാഗവും മാത്രമാണ് വീട്ടുമുറ്റത്ത് അവശേഷിച്ചിരുന്നത്.